താനൂർ ബോട്ടപകടം: ബോട്ടുടമ നാസറിന്റെ വാഹനം കൊച്ചിയിൽ പിടിയിൽ

കൊച്ചി: താനൂരിൽ അപകടമുണ്ടാക്കിയ ബോട്ടിന്റെ ഉടമ നാസറിന്റെ വാഹനം കൊച്ചിയില്‍ വാഹന പരിശോധനയ്ക്കിടെ പിടിയില്‍. നാസറിന്റെ ബന്ധുക്കൾ വാഹനത്തിൽ ഉണ്ടായിരുന്നു. പാലാരിവട്ടം പൊലീസ് വാഹന പരിശോധനയ്ക്കിടെയാണ് വാഹനം കസ്റ്റഡിയിലെടുത്തത്.

നാസർ എറണാകുളത്തെ ഏതെങ്കിലും സ്റ്റേഷനിൽ കീഴടങ്ങിയേക്കും എന്നാണ് കരുതുന്നത്. വാഹനത്തിലുണ്ടായിരുന്ന നാല് ബന്ധുക്കളും ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. നാസറിനെതിരെ നരഹത്യാ കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഇയാൾ ഇന്നലെ അപകടം നടന്നയുടൻ ഒളിവിൽ പോയിരുന്നു.

മാനദണ്ഡങ്ങൾ ലംഘിച്ചായിരുന്നു ബോട്ട് യാത്ര നടത്തിയതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. അറ്റ്ലാന്റിക് ബോട്ടിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിച്ച കാര്യത്തിൽ അടക്കം പൊലീസ് പരിശോധന ഉണ്ടാകും. തുറമുഖ വകുപ്പ്, ഇൻലാന്റ് നാവിഗേഷൻ എന്നിവരുടെ ലൈസൻസ് ബോട്ടിന് ഉണ്ടെന്നാണ് പൊലീസിന് കിട്ടിയ പ്രാഥമിക വിവരം. ലൈസൻസ് നമ്പറും ബോട്ടിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.

അപകട മുന്നറിയിപ്പ് അവഗണിച്ചുള്ള യാത്രയാണ് വൻ ദുരന്തത്തിന് വഴിവെച്ചത്. അനുവദിച്ചതിലും അധികം യാത്രക്കാരെ കുത്തിനിറച്ചായിരുന്നു ബോട്ട് യാത്ര നടത്തിയത്. ലൈഫ് ജാക്കറ്റ് ഉൾപ്പെടെയുള്ള സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാതെയുള്ള യാത്ര അപകടത്തിന്റെ തോത് വർധിപ്പിച്ചെന്നാണ് പ്രാഥമിക നിഗമനം.
أحدث أقدم