കോഴിക്കോട് : കോഴിക്കോട്ടെ ഹോട്ടലുടമ സിദ്ദിഖിനെ കൊലപ്പെടുത്തിയത് ഹണി ട്രാപ്പ് ശ്രമത്തിനിടെയെന്ന് പൊലീസ്. ഹോട്ടലിലേക്കു വിളിച്ചു വരുത്തി നഗ്നനാക്കി ഫോട്ടോയെടുക്കാനുള്ള ശ്രമത്തെ സിദ്ദിഖ് എതിര്‍ത്തപ്പോള്‍ പ്രതികള്‍ കൊലപ്പെടുത്തുകയായിരുന്നെന്ന് മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത് ദാസ് പറഞ്ഞു.
ഫര്‍ഹാനയും ഷിബിലും ആഷിഖും ചേര്‍ന്നാണ് ഹണി ട്രാപ്പിനു പദ്ധതിയിട്ടത്.
ഹോട്ടലിലേക്കു വിളിച്ചു വരുത്തി സിദ്ദിഖിന്റെ നഗ്നഫോട്ടോ എടുക്കുകയായിരുന്നു പദ്ധതി. ഫോട്ടോ എടുക്കുന്നതിനെ സിദ്ദിഖ് എതിര്‍ത്തപ്പോള്‍ കയ്യില്‍ കരുതിയിരുന്ന ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു.
ഫര്‍ഹാനയാണ് ബാഗില്‍ ചുറ്റിക കരുതിയിരുന്നത്. സിദ്ദിഖ് എതിര്‍പ്പു പ്രകടിപ്പിച്ചാല്‍ നേരിടാനായിരുന്നു ഇത്. ഇതുകൊണ്ട് ഷിബിലി അടിക്കുകയായിരുന്നു. ആഷിക്ക് സിദ്ദിഖിന്റെ വാരിയെല്ലുകള്‍ ചവിട്ടിയൊടിച്ചു. ഷിബിലി കയ്യില്‍ കത്തി കരുതിയിരുന്നെന്നും പൊലീസ് മേധാവി പറഞ്ഞു.
ചെന്നൈയില്‍ വച്ചു പിടികൂടിയ ഷിബിലിയെയും ഫര്‍ഹാനെയെയും തിരൂരില്‍ എത്തിച്ചു വിശദമായ ചോദ്യം ചെയ്യലിലാണ് വിവരങ്ങള്‍ ലഭിച്ചത്. പ്രതികള്‍ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.