ഇംഫാൽ : സംഘര്‍ഷം തുടരുന്ന മണിപ്പുരില്‍ ആയുധങ്ങളുമായി മൂന്ന് അക്രമികള്‍ സൈന്യത്തിന്റെ പിടിയില്‍. ഇവരില്‍നിന്ന് ചൈനീസ് നിര്‍മിത ആയുധങ്ങളുള്‍പ്പെടെ കണ്ടെത്തി. 3 ദിവസത്തെ സന്ദര്‍ശനത്തിനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എത്തുന്നതിനു മുന്‍പേയാണ് അക്രമികളെ സൈന്യം പിടികൂടിയത്.
ഇംഫാലില്‍ സിറ്റി കണ്‍വെന്‍ഷന്‍ സെന്റര്‍ പ്രദേശത്തു സംശയകരമായ നിലയില്‍ കാറില്‍ നാലുപേര്‍ യാത്ര ചെയ്യുന്നുണ്ടെന്ന് സുരക്ഷാസേനയ്ക്കു വിവരം ലഭിച്ചു. കാര്‍ തടഞ്ഞുനിര്‍ത്തി പരിശോധിക്കുന്നതിനിടെ യാത്രക്കാര്‍ കടന്നുകളഞ്ഞു. കാറിലുണ്ടായിരുന്ന മൂന്നു പേരെ സൈനികര്‍ പിന്നാലെ ഓടി പിടികൂടി. ഇവരില്‍നിന്ന് ചൈനീസ് ഹാന്‍ഡ് ഗ്രനേഡ്, ഡിറ്റണേറ്റര്‍ എന്നിവയും ഇന്‍സാസ് റൈഫിള്‍ ഉള്‍പ്പെടെയുള്ളവയും കണ്ടെടുത്തു
തിങ്കളാഴ്ച വൈകുന്നേരത്തോടെ മണിപ്പുരില്‍ എത്തുന്ന അമിത് ഷാ മുഖ്യമന്ത്രി ബിരേന്‍ സിങ്ങുമായും സുരക്ഷ ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തും. കരസേനാ മേധാവി ജനറല്‍ മനോജ് പാണ്ഡെ ശനിയാഴ്ച മണിപ്പുരിലെത്തി ക്രമസമാധാനനില വിലയിരുത്തിയിരുന്നു. ഞായറാഴ്ചയുണ്ടായ അക്രമത്തില്‍ പൊലീസുകാരന്‍ ഉള്‍പ്പെടെ 5 പേര്‍ കൊല്ലപ്പെട്ടു.