തിരുവനന്തപുരം : മഴക്കാല തയാറെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടത്താന്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശം.
മഴയുടെ ലഭ്യതയില്‍ പ്രവചനാതീത സ്വഭാവം പ്രതീക്ഷിക്കുന്നതിനാല്‍ ജില്ലകളിലെ മഴക്കാല തയാറെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനം ജൂണ്‍, ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ ആദ്യ ആഴ്ചയില്‍ പ്രത്യേകമായി നടത്തണം. ജില്ലയുടെ ചുമതലയുള്ള മന്ത്രിമാരുടെയോ ജില്ലാ കളക്ടര്‍മാരുടെയോ നേതൃത്വത്തില്‍ യോഗം ചേരണം.
അതില്‍ ഓരോ പ്രവര്‍ത്തികളുടെയും പുരോഗതി അവലോകനം ചെയ്യണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു.
ആപതാമിത്ര, സിവില്‍ ഡിഫന്‍സ്, സന്നദ്ധസേന എന്നിങ്ങനെ പരിശീലനം സിദ്ധിച്ചവര്‍ക്ക് പ്രാദേശികമായി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുള്ള ഉപകരണങ്ങള്‍ ലഭ്യമാക്കണം. എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ഒരുസ്ഥലമോ കെട്ടിടമോ കണ്ടെത്തുകയും രക്ഷാപ്രവര്‍ത്തിന് ഉപയോഗിക്കാവുന്ന ഉപകരണങ്ങള്‍ വാങ്ങിയോ, മഴക്കാലത്തേക്ക് വാടകയ്ക്ക് എടുത്തോ ശേഖരിച്ചു വയ്ക്കണം. ആപതാമിത്ര, സിവില്‍ ഡിഫന്‍സ് തുടങ്ങിയ പരിശീലനം നേടിയ സന്നദ്ധപ്രവര്‍ത്തകരെ അഗ്‌നി സുരക്ഷാ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ ഈ കേന്ദ്രവുമായി ബന്ധിപ്പിക്കണം. ഈ കേന്ദ്രത്തിന്റെ ദൈനംദിന മേല്‍നോട്ടം തദ്ദേശ സ്ഥാപനത്തിനായിരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.