ചടയമംഗലം: കൊല്ലത്ത് കുടിവെള്ളം ചോദിച്ച തൊഴിലുറപ്പ് തൊഴിലാളികളെ അപമാനിച്ചത് ചോദ്യം ചെയ്ത മേട്രന് നേരെ ആക്രമണം നടത്തിയ സംഭവത്തില്‍ രണ്ടു പേരെ ചടയമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. കാരാളിക്കോണം സ്വദേശികളായ ശ്യാം, റിയാസ് എന്നിവരാണ് പിടിയിലായത്. കൊല്ലം ഇളമാട് മണിയൻമുക്കിലാണ് സംഭവം.
തൊഴിലുറപ്പ് ജോലിക്കിടെ ശ്യാമിന്റെ വീട്ടിലെത്തി തൊഴിലാളികൾ കുടിവെള്ളം ചോദിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. വെള്ളം നൽകാതെ ശ്യാം തൊഴിലാളികളെ ഇറക്കി വിടുകയും അപമാനിക്കുകയും ആയിരുന്നു. തൊഴിലുറപ്പ് മേട്രൻ ജയകുമാരി ഇത് ചോദ്യം ചെയ്തിരുന്നു. അൽപ്പസമയത്തിന് ശേഷം മദ്യപിച്ച് എത്തിയ ശ്യാമും സുഹൃത്ത് റിയാസും ചേർന്ന് തൊഴിലാളികളെ അസഭ്യം പറയുകയായിരുന്നു. ഇതിനിടെ ജയകുമാരിക്ക് മർദനം ഏറ്റു. പ്രതികൾ ജയകുമാരിയുടെ വസ്ത്രം വലിച്ച് കീറുകയും ചെയ്തിരുന്നു. ഇതോടെ തൊഴിലാളികള്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ചടയമംഗലം പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.