തിരുവനന്തപുരം : ആശുപത്രി സംരക്ഷണ നിയമ ഭേഗതി ഓർഡിനൻസിന് ഇന്ന് മന്ത്രിസഭാ യോഗം അംഗീകാരം നൽകുമെന്ന് സൂചന. ആരോഗ്യപ്രവർത്തകരെ കയ്യേറ്റം ചെയ്യുന്നത് മാത്രമല്ല, അസഭ്യം പറയുന്നതും അധിക്ഷേപിക്കുന്നതും നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തും.
കുറഞ്ഞ ശിക്ഷ ആറ് മാസം തടവും ഉയർന്ന ശിക്ഷ ഏഴ് വർഷം വരെയുള്ള തടവുമായിരിക്കും. നാശനഷ്ടങ്ങൾക്ക് ആറിരട്ടി വരെ പിഴയിടാക്കുന്ന കാര്യവും പരിഗണനയിലുണ്ട്.
നഴ്സിംഗ് കോളേജുകൾ ഉൾപ്പടെയുള്ള മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നിയമത്തിന്റെ സംരക്ഷണമുണ്ടാകും. സമയബന്ധിത നിയമനടപടികൾക്ക് വ്യവസ്ഥയുണ്ടാകും.
നിയമഭേദഗതിക്ക് ഡോ.വന്ദനയുടെ പേരിടണമെന്നാണ് ഡോക്ടർമാരുടെ സംഘടനകളുടെ മറ്റൊരാവശ്യം.
സുരക്ഷാ ജീവനക്കാർ, ക്ലറിക്കൽ ജീവനക്കാർ, ശുചീകരണ തൊഴിലാളികൾ എന്നിവരെ വരെ നിയമപരിരക്ഷയിൽ ഉൾപെടുത്താൻ ആവശ്യം ഉയർന്നിരുന്നു.
ഇവരിൽ, ആശുപത്രികളിലെ സുരക്ഷാ ജീവനക്കാരെയും പരിശീലനത്തിന് എത്തുന്നവരെയും ആശുപത്രി സംരക്ഷണ നിയമത്തിന്റെ പരിധിയിലേക്ക് ചേർക്കാനാണ് ആലോചന. അതിക്രമങ്ങൾക്ക് പരമാവധി ശിക്ഷ മൂന്നിൽ നിന്ന് 7 വർഷമാക്കും. കുറഞ്ഞ ശിക്ഷ 6 മാസമാക്കും. അന്വേഷണം നടത്തി വിചാരണ ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കും.
ഉപകരണങ്ങൾ നശിപ്പിച്ചാൽ വിലയുടെ ആറിരട്ടി വരെ നഷ്ടപരിഹാരം എന്നതിലും അന്തിമ ചർച്ചകൾ നടക്കുകയാണ്.