കോട്ടയം : സ്വന്തം തട്ടകത്തിൽ സ്വന്തം മുന്നണിക്കെതിരെ പടപ്പുറപ്പാടുമായി ജോസ് കെ മാണി. പിണറായി വിജയൻ സർക്കാരിന്റെ രണ്ടാം വാർഷികം അതിവിപുലമായിട്ടാണ് പല നഗരസഭ ആഘോഷിച്ചത്. ചരിത്രത്തിൽ ആദ്യമായി നഗരസഭയിൽ സിപിഎം പ്രതിനിധി ചെയർപേഴ്സൺ ആയിരിക്കുന്നതുകൊണ്ടുതന്നെ ആഘോഷ പരിപാടികൾ സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം അഭിമാന പ്രശ്നമായിരുന്നു. അതുകൊണ്ടുതന്നെ പാർട്ടി നേരിട്ട് ഇടപെട്ട് കോട്ടയത്ത് നടന്ന സംസ്ഥാനതല ആഘോഷങ്ങളിൽ നഗരസഭയിൽ നിന്ന് ഇടതുമുന്നണിയുടെ സജീവ പങ്കാളിത്തവും മുഴുവൻ ഭരണപക്ഷ അംഗങ്ങളുടെ സാന്നിധ്യവും ഉറപ്പാക്കണം എന്ന് ആവശ്യപ്പെട്ടിരുന്നു.
എന്നാൽ സിപിഎം കേന്ദ്രങ്ങളെ ഞെട്ടിച്ചുകൊണ്ട് നഗരസഭയിലെ ജോസ് കെ മാണി വിഭാഗം കൗൺസിലർമാർ ഒന്നടങ്കം പരിപാടി ബഹിഷ്കരിക്കുകയാണ് ഉണ്ടായത്. കൗൺസിലർമാർ ഒന്നടങ്കം ബഹിഷ്കരിച്ചത് കൊണ്ട് തന്നെ ആസൂത്രിതമായി നടത്തിയ ഒരു നീക്കം ആണെന്നും, ഈ നീക്കത്തിന് പിന്നിൽ ജോസ് കെ മാണി തന്നെയാണെന്നും അവർ വിലയിരുത്തുന്നു. ഈ സാഹചര്യത്തിൽ സിപിഎം അണികൾക്കിടയിലും നേതൃത്വത്തിനിടയിലും ജോസ് കെ മാണിയോടും കേരള കോൺഗ്രസിനോടും ഇനി ഒരു വിട്ടുവീഴ്ചയും വേണ്ട എന്ന നിലപാടാണ് ഉള്ളത്.
പാലാ നഗരസഭയിൽ പലവട്ടം മുന്നണി മര്യാദകൾ ജോസ് കെ മാണി വിഭാഗം ലംഘിച്ചുവെങ്കിലും ഓരോ തവണയും അത് പ്രാദേശിക ഭിന്നത മൂലമാണ് എന്ന നിലപാടാണ് കേരള കോൺഗ്രസ് നേതൃത്വം കൈക്കൊണ്ടിട്ടുള്ളത്. എന്നാൽ സംസ്ഥാന സർക്കാരിന്റെ പരിപാടികൾ തുടർച്ചയായി ബഹിഷ്കരിക്കുന്ന ജോസ് വിഭാഗത്തിന്റെ നിലപാടുകളെ സിപിഎം സംശയദൃഷ്ടിയോടെ കൂടി തന്നെയാണ് വീക്ഷിക്കുന്നത്. ഏപ്രിൽ മാസത്തിൽ സംസ്ഥാന സർക്കാർ പാലാ നഗരസഭയിൽ സംഘടിപ്പിച്ച മാലിന്യ സംസ്കരണ ബോധവൽക്കരണ സെമിനാറിൽ നിന്നും നഗരസഭയിലെ കേരള കോൺഗ്രസ് പ്രതിനിധികൾ വിട്ടുനിന്നു. ഇതിന് തൊട്ടു പിന്നാലെയാണ് ഇപ്പോൾ സർക്കാരിന്റെ വാർഷികാഘോഷവും ജോസ് വിഭാഗം കൗൺസിലർമാർ ബഹിഷ്കരിച്ചിരിക്കുന്നത്.
ജോസിന്റെത് മുന്നണി വിടാനുള്ള മുന്നൊരുക്കമോ?
സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾ ജോസിനെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്യുവാൻ മത്സരിക്കുകയാണ്. കെപിസിസി അധ്യക്ഷൻ കെ സുധാകരൻ, രമേശ് ചെന്നിത്തല, കെ മുരളീധരൻ എന്നിവർ പരസ്യമായി തന്നെ കേരള കോൺഗ്രസിനെയും ജോസ് കെ മാണിയെയും മുന്നണിയിലേക്ക് തിരികെ എത്തിക്കാൻ ശ്രമിക്കുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. പ്രത്യക്ഷമായി അനുകൂല പ്രതികരണങ്ങൾ ജോസ് കെ മാണിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല എങ്കിലും ഇടതുമുന്നണിയോടുള്ള ഇത്തരം നിഷേധാത്മക സമീപനം പ്രകോപനം ഉണ്ടാക്കി പുറത്തു പോകാനുള്ള തന്ത്രങ്ങളുടെ ഭാഗമാണോ എന്ന് ഇടത കേന്ദ്രങ്ങൾ സംശയിക്കുന്നുണ്ട്