മണിമലയിൽ കെ.എസ്.ആർ.ടി.സി ബസ്സിന്റെ ചില്ലെറിഞ്ഞു തകർത്ത കേസിൽ ചെറുവള്ളി സ്വദേശിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു


മണിമല :കെ.എസ്.ആർ.ടി.സി ബസ്സിന്റെ ചില്ലെറിഞ്ഞു തകർത്ത കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചെറുവള്ളി കാവുംഭാഗം, തെക്കുംഭാഗം ഭാഗത്ത് കല്ലനാനിക്കൽ വീട്ടിൽ മഹേഷ് പി.കെ (19) എന്നയാളെയാണ് മണിമല പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകിട്ടോടുകൂടി ഇയാള്‍ മൂലേപ്ലാവ് ഭാഗത്ത് വച്ച് സ്കൂട്ടറിൽ പിന്തുടർന്ന് കെ.എസ്.ആർ.ടി.സി ബസ്സിന്റെ പിന്നിലെ ഗ്ലാസ് കല്ലെറിഞ്ഞു തകർക്കുകയായിരുന്നു.

ബസിന് എതിരെ വന്ന യുവാക്കളുടെ സ്കൂട്ടറിന്റെ ലൈറ്റ് ഡിം അടിക്കാത്തതിനെ തുടർന്ന് കെ.എസ്.ആർ.ടി.സി ഡ്രൈവർ ലൈറ്റ് ഡിമ്മും, ബ്രൈറ്റും ഇട്ട് സിഗ്നൽ നൽകിയതിനുള്ള വിരോധം മൂലം ഇവർ ഡ്രൈവറെ ചീത്തവിളിക്കുകയും ബസ്സിനെ പിന്തുടർന്ന് വന്ന് കല്ലെറിഞ്ഞ് ചില്ല് തകർക്കുകയുമായിരുന്നു. പരാതിയെ തുടര്‍ന്ന് മണിമല പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു.
ഡ്രൈവറെ ചീത്ത വിളിച്ചതിനും കൂടാതെ പൊതുമുതൽ നശിപ്പിച്ചതിനും കേസ് രജിസ്റ്റർ ചെയ്തതായി പോലീസ് പറഞ്ഞു. മണിമല സ്റ്റേഷൻ എസ്.എച്ച്.ഓ ഷാജിമോൻ ബി, എസ്.ഐ മാരായ സന്തോഷ് കുമാർ,വിജയകുമാർ, അനിൽകുമാർ വി.പി, സി.പി.ഓ മാരായ ബിജേഷ്, ശ്രീജിത്ത്, ശ്രീകുമാർ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.
أحدث أقدم