പരിശീലനകേന്ദ്രമില്ല, സ്വയം പഠിച്ച് സിവിൽ സർവീസ് പരീക്ഷയിൽ നേട്ടം കൈവരിച്ച് ഗഹന



 കോട്ടയം : സിവിൽ സർവീസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചപ്പോൾ, റാങ്ക് പട്ടികയിൽ പെൺകുട്ടികളാണ് തിളങ്ങിയത്. അതിലൊരാളായ പാലാക്കാരി ഗഹനാ നവ്യ ജെയിംസിനാണ് ആറാം റാങ്ക്. മലയാളിയായ ആര്യ വി എം 36-ാം റാങ്കും കരസ്ഥമാക്കി.

കോട്ടയം ജില്ലയിലെ പാലാ പുലിയന്നൂർ ചിറയ്ക്കൽ വീട്ടിൽ പാലാ സെന്റ്.തോമസ് കോളജ് റിട്ട. ഹിന്ദി പ്രൊഫ.സി.കെ.ജയിംസ് തോമസിന്റെയും അദ്ധ്യാപിക ദീപാ ജോർജിന്റെയും മകളാണ് ഗഹന. ജപ്പാനിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജിന്റെ അനന്തരവളാണ്.

 കുടുംബത്തിന്റെ പിന്തുണയിൽ നേടിയ വിജയത്തിൽ സ്‌ന്തോഷമുണ്ടെന്ന് ഗഹന മാധ്യമങ്ങളോട് പറഞ്ഞു. പരീക്ഷയ്ക്ക് വേണ്ടി പരിശീലന കേന്ദ്രങ്ങളിൽ ഒന്നും പോയിരുന്നില്ല. തനിച്ചായിരുന്നു തയ്യാറെടുപ്പ്. മികച്ച വിജയം കിട്ടുമെന്ന് കരുതിയെങ്കിലും, റാങ്ക് പ്രതീക്ഷിച്ചിരുന്നില്ല.

എംജി സർവകലാശാലയിൽ ഇന്റർനാഷനൽ റിലേഷൻസിൽ ഗവേഷണം നടത്തുകയാണ് 25 വയസ്സുകാരിയായ ഗഹന. ഐഎഫ്എസ് തിരഞ്ഞെടുക്കാനാണ് ആഗ്രഹിക്കുന്നത്. ചെറുപ്പം മുതൽ പത്രം വായിക്കാൻ താൽപര്യമുണ്ടായിരുന്നു. കൂടാതെ ഇന്റർനെറ്റിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു.

പാലായിൽ തന്നെയായിരുന്നു സ്‌കൂൾ മുതൽ കോളേജ് വരെ വിദ്യാഭ്യാസം. 
 യുജിസി നാഷണൽ റിസർച്ച് ഫെലോഷിപ്പും സ്വന്തമാക്കിയിട്ടുണ്ട്.

ആദ്യ ശ്രമത്തിൽ പ്രിലിംസ് പോലും കടക്കാൻ സാധിച്ചിരുന്നില്ല. പിന്നീട് നിരന്തര പരിശീലനത്തിലൂടെയാണ് ഗഹനക്ക് രണ്ടാം ശ്രമത്തിൽ ആറാം റാങ്കിലേക്ക് എത്തിയത്.
أحدث أقدم