എരുമേലിയില്‍ ഭൂമിക്കടിയില്‍ നിന്നുണ്ടായ അസാധാരണ ശബ്ദത്തെ തുടര്‍ന്ന് ജിയോളജി വിദഗ്ധര്‍ പരിശോധനയ്‌ക്കൊരുങ്ങുന്നു.


കോട്ടയം: എരുമേലിയില്‍ ഭൂമിക്കടിയില്‍ നിന്നുണ്ടായ അസാധാരണ ശബ്ദത്തെ തുടര്‍ന്ന് ജിയോളജി വിദഗ്ധര്‍ പരിശോധനയ്‌ക്കൊരുങ്ങുന്നു. ഇന്നലെ രാത്രി ഒന്‍പതരയോടെ ശബ്ദത്തിന്റെ തീവ്രത കൂടിയെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഇതോടെയാണ് വിദഗ്ധ സംഘം പരിശോധനയ്ക്കായി എരുമേലിയില്‍ എത്തുന്നത്.

ഭൂമി കുലുങ്ങുന്നതായുള്ള ശബ്ദമാണ് ആദ്യം കേട്ടതെന്ന് നാട്ടുകാര്‍ പറഞ്ഞു. ആദ്യം കിണര്‍ കുഴിക്കുന്നതോ മറ്റോ ആണെന്ന് കരുതി. എന്നാല്‍ രാത്രി ഒന്‍പതോടെ വലിയ മുഴക്കം കേള്‍ക്കാന്‍ തുടങ്ങി. തുടര്‍ന്ന് നാട്ടുകാര്‍ പഞ്ചായത്ത് അംഗങ്ങളെയും എംഎല്‍എയെയും വിവരം വിളിച്ചറിയിച്ചു. ഇവരാണ് ജില്ലാ ഭരണകൂടത്തെയും ജിയോളജി വകുപ്പിനെയും വിവരമറിയിച്ചത്. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ ജിയോളജി വിദഗ്ധര്‍ എരുമേലി ചേനപ്പാടിയിലെത്തുമെന്നാണ് വിവരം.

എരുമേലി ചേനപ്പാടി, കരിമ്പന്‍മാവ്, ഇടയാറ്റുകാവ്, വട്ടോത്തറ, പാതിപ്പാറ എന്നിവിടങ്ങളിലാണ് ഈ അസാധാരണ പ്രതിഭാസം അനുഭവപ്പെടുന്നത്. ഇന്നലെ രാത്രി മാത്രം മൂന്ന് തവണ ശബ്ദം കേട്ടു. ചില സ്ഥലങ്ങളില്‍ നേരിയ ശബ്ദവും ചിലയിടങ്ങളില്‍ വലിയ മുഴക്കവുമാണ് കേള്‍ക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു
أحدث أقدم