കോട്ടയം: കോട്ടയത്ത് പങ്കാളി കൈമാറ്റക്കേസിലെ പരാതിക്കാരിയായ യുവതിയെ വെട്ടികൊലപ്പെടുത്തിയ ഭർത്താവും മരിച്ചു. യുവതിയെ വെട്ടിക്കൊലപ്പെടുത്തിയതിന് പിന്നാലെ മാരക വിഷം കഴിച്ച ഇയാൾ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ഇന്ന് വെളുപ്പിന് നാലുമണിയോടെയാണ് ഇയാൾ മരിച്ചത്. ഭാര്യയെ കൊലപ്പെടുത്തിയതിന് പിന്നാലെ ഇയാൾ ഒളിവിൽ പോയിരുന്നു. പിന്നീട് താൻ മാരകമായ വിഷം കഴിച്ചെന്ന് വെളിപ്പെടുത്തി ചങ്ങനാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിയത്. പിന്നീടാണ് ഇയാളെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റിയത്.
19നായിരുന്നു മണർകാട് മാലത്തെ വീട്ടിൽ വച്ച് യുവതി ദാരുണമായി കൊല്ലപ്പെട്ടത്. അന്ന് വൈകിട്ടാണ് ഷിനോയെ വിഷം കഴിച്ച നിലയിൽ ചങ്ങനാശേരിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് കസ്റ്റഡിയിൽ എടുത്തത്. ആരോഗ്യസ്ഥിതി വീണ്ടെടുത്ത ശേഷം ചോദ്യം ചെയ്യാനിരിക്കെയാണ് ഇന്ന് പുലർച്ചെ മരണം.
തന്നെ മറ്റു പുരുഷന്മാരുമായി കിടക്ക പങ്കിടാൻ നിർബന്ധിക്കുന്നുവെന്ന് കഴിഞ്ഞ വർഷം ജനുവരിയിലായിരുന്നു യുവതി പരാതി നൽകിയത്. ഈ കേസിൽ അറസ്റ്റിലായ ഇയാൾ പുറത്തിറങ്ങിയതിന് പിന്നാലെ യുവതിയുമായി വീണ്ടും അടുത്തെങ്കിലും ലക്ഷ്യം പങ്കാളി കൈമാറ്റം തന്നെയായിരുന്നു. ഈ മാസം 19ന് യുവതിയെ ഭർത്താവ് വെട്ടി കൊലപ്പെടുത്തിയതോടെയാണ് കേരളത്തിലെ പങ്കാളി കൈമാറ്റം സംബന്ധിച്ച ചർച്ചകൾ വീണ്ടും സജീവമായത്. കോട്ടയത്തെ യുവതി 2022 ജനുവരിയിൽ നൽകിയ പരാതിയെ തുടർന്ന് പതിനാലോളം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പങ്കാളി കൈമാറ്റത്തിനായി സജീവമാണെന്ന് കണ്ടെത്തുകയും ആറുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നെങ്കിലും കേസ് എങ്ങുമെത്തിയിരുന്നില്ല. അറസ്റ്റിലായ പുരുഷന്മാരുടെ ഭാര്യമാർ, തങ്ങൾ സ്വമേധയാ ആണ് മറ്റ് പുരുഷന്മാരുമായി ലൈംഗിക ബന്ധത്തിന് തയ്യാറായത് എന്ന നിലപാടെടുത്തതാണ് അന്വേഷണത്തെ വഴിമുട്ടിച്ചത്.
2022ൽ കപ്പിൾ മീറ്റ് കേരള എന്ന സമൂഹമാദ്ധ്യമ അക്കൗണ്ടിലൂടെ നടത്തിയ ഇടപാടിനെക്കുറിച്ചായിരുന്നു യുവതിയുടെ പരാതി. ഒൻപതോളം പേരിൽ നിന്നാണ് പ്രകൃതിവിരുദ്ധ പീഡനമടക്കം ലൈംഗികാതിക്രമങ്ങൾ യുവതിയ്‌ക്ക് നേരിടേണ്ടിവന്നത്. യുവതി നൽകിയ പരാതിയിലെ വിശദമായ അന്വേഷണത്തിൽ നൂറുകണക്കിന് പേർക്ക് ഈ റാക്കറ്റുമായി ബന്ധമുണ്ടെന്ന് വിവരം ലഭിച്ചു. ഭർത്താവടക്കം ഏഴുപേരെ പൊലീസ് അറസ്‌റ്റ് ചെയ്യുകയുമുണ്ടായി. ആലപ്പുഴ, എറണാകുളം,കോട്ടയം എന്നിവിടങ്ങളിലുള്ളവരാണ് അന്ന് കറുകച്ചാൽ പൊലീസിന്റെ പിടിയിലായത്. എന്നാൽ, അന്വേഷണം എങ്ങുെത്തിയില്ല. പിടിയിലായവരുടെ ഭാര്യമാർ തങ്ങൾക്ക് പരാതിയില്ലെന്ന നിലപാടെടുത്തതാണ് അന്വേഷണം വഴിമുട്ടിച്ചത് എന്നാണ് സൂചന.