യുവാക്കളെ പറ്റിച്ച് ലക്ഷങ്ങൾ തട്ടിയ ട്രാവൽസ് ഉടമ അറസ്റ്റിൽ



കായംകുളത്ത് വിദേശത്ത് ജോലി നൽകാമെന്ന് പറഞ്ഞ് നിരവധി യുവാക്കളിൽ നിന്നും ലക്ഷക്കണക്കിന് രൂപയും, പാസ്പോർട്ടുകളും തട്ടിയെടുത്ത കേസിൽ ട്രാവൽസ് ഉടമ പിടിയിൽ. കായംകുളം പുതുപ്പള്ളി ഗോവിന്ദമുട്ടത്ത് പ്രവർത്തിക്കുന്ന അനിതാ ട്രാവൽസ് ഉടമയായ കണ്ണമംഗലം വില്ലേജിൽ ഉഷസ്സ് വീട്ടിൽ കൃഷ്ണകുമാർ (50) ആണ് കായംകുളം പൊലീസിന്റെ പിടിയിലായത്. ശിവരശൻ എന്നും ശ്രീകുമാർ എന്നും വിളിക്കുന്ന കൃഷ്ണകുമാർ നിരവധി പേരെ പറ്റിച്ച് പണം തട്ടിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

കൊല്ലം ജില്ലയിലെ വെട്ടിക്കവല സ്വദേശിയായ യുവാവിന് മലേഷ്യയിൽ സ്റ്റോർ കീപ്പർ ജോലിക്കുള്ള വിസയും ടിക്കറ്റും നൽകാമെന്ന് പറഞ്ഞ് 2021 മുതൽ 95000 രൂപ തട്ടിച്ച കേസിലാണ് ഇയാൾ അറസ്റ്റിലായത്. ഈ കേസിന്റെ അന്വേഷണത്തിൽ പ്രതികൾ കന്യാകുമാരി സ്വദേശിനിയിൽ നിന്നും ഭർത്താവിന് മലേഷ്യയിൽ ജോലി നൽകാമെന്ന് പറഞ്ഞ് 50000 രൂപയും, ചൂനാട് സ്വദേശികളായ യുവാക്കൾക്ക് അയർലന്റിൽ ജോലി നൽകാമെന്ന് പറഞ്ഞ് 4 ലക്ഷം രൂപയും , കൊട്ടാരക്കര വെളിയം സ്വദേശിയിൽ നിന്നും ഒരു ലക്ഷം രൂപയും തട്ടിയെടുത്തതായും കണ്ടെത്തിയിട്ടുണ്ട്.

കൃഷ്ണകുമാറിന്റെ ഭാര്യയായ അനിത ഈ കേസിൽ രണ്ടാം പ്രതിയാണ്. ട്രാവൽസിൽ വെച്ചും അനിതയുടെ പേരിൽ ആക്സിസ് ബാങ്കിലുള്ള അക്കൗണ്ട് മുഖാന്തിരവും ആണ് പണമിടപാടുകൾ നടത്തിയിട്ടുള്ളത്. അനിതാ ട്രാവൽസ് എന്ന സ്ഥാപനത്തിന് ട്രാവൽ ഏജൻസി നടത്തുന്നതിനോ വിദേശത്തേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നതിനോ ലൈസൻസ് ലഭിച്ചിട്ടില്ലായെന്ന് അന്വേഷണത്തിൽ ബോധ്യപ്പെട്ടിട്ടുണ്ട്. ഇവർ ഇത്തരത്തിൽ തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിൽ നിന്നായി നിരവധി പേരിൽ നിന്നും ഇത്തരത്തിൽ പണവും പാസ്പോർട്ടും തട്ടിയെടുത്തതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

കായംകുളം ഡി.വൈ.എസ്.പി. അജയ്നാഥിന്റെ നിർദ്ദേശപ്രകാരം സി.ഐ. മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിൽ എസ്.ഐ. ഓസ്റ്റിൻ .ജി. ഡെന്നിസൺ, എ.എസ്. ഐ. റീന, പോലീസുദ്യോഗസ്ഥരായ സബീഷ്, അതുല്യമോൾ എന്നിവരടങ്ങിയ സംഘമാണ് കൃഷ്ണകുമാറിനെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
أحدث أقدم