നിര്‍ണായകമായത് സോണിയയുടെ ഇടപെടല്‍; ഉപമുഖ്യമന്ത്രി ശിവകുമാര്‍ മാത്രം; സുപ്രധാന വകുപ്പുകളും ഡികെയ്ക്ക്



 ന്യൂഡല്‍ഹി : കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാഗാന്ധിയുടെ ഇടപെടലാണ് 
കര്‍ണാടകയില്‍ മുഖ്യമന്ത്രിസ്ഥാനത്തെച്ചൊല്ലിയുള്ള പ്രതിസന്ധി പരിഹരിക്കുന്നതില്‍ നിര്‍ണായകമായത്. സോണിയയുമായുള്ള ചര്‍ച്ചയിലാണ് ഡികെ ശിവകുമാര്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറായത്. തവണ വ്യവസ്ഥയിലാണ് സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കാന്‍ ഹൈക്കമാന്‍ഡ് തീരുമാനമെടുത്തത്. 

മുഖ്യമന്ത്രിയാക്കിയില്ലെങ്കില്‍ ഒരു സ്ഥാനവും ഏറ്റെടുക്കില്ലെന്ന നിലപാടിലായിരുന്നു ഡികെ. എന്നാല്‍ ശിവകുമാര്‍ വിട്ടുനില്‍ക്കുന്നത് സര്‍ക്കാരിന് പ്രതിസന്ധിയാകുമെന്ന തിരിച്ചറിവിൽ ഉപമുഖ്യമന്ത്രിയാകണം എന്ന് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടു. ഇക്കാര്യം മല്ലികാര്‍ജുന്‍ ഖാര്‍ഗെയും, രാഹുല്‍ഗാന്ധിയും ആവശ്യപ്പെട്ടു. 

എന്നാല്‍ ആദ്യടേമില്‍ തന്നെ മുഖ്യമന്ത്രി സ്ഥാനം വേണമെന്ന നിലപാട് ഡികെ തുടര്‍ന്നു. രാത്രി സോണിയ നടത്തിയ ഇടപെടലിലാണ് ശിവകുമാര്‍ വഴങ്ങിയത്. ധാരണ അനുസരിച്ച് ആദ്യ രണ്ടര വര്‍ഷം സിദ്ധരാമയ്യ മുഖ്യമന്ത്രിയാകും. 

സര്‍ക്കാരില്‍ ഡികെ ശിവകുമാര്‍ ഏക ഉപമുഖ്യമന്ത്രിയാകും. ആഭ്യന്തരം, നഗരവികസനം, പൊതുമരാമത്ത്, മൈനിങ്, ജലവിഭവം, വൈദ്യുതി തുടങ്ങിയ പ്രധാന വകുപ്പുകളാണ് ശിവകുമാര്‍ ചോദിച്ചിട്ടുള്ളത്. പ്രധാനപ്പെട്ട ഒന്നോ രണ്ടോ വകുപ്പുകള്‍ ശിവകുമാറിന് നല്‍കിയേക്കും. 

മന്ത്രിമാരെ നിശ്ചയിക്കുന്നതില്‍ അടക്കം തന്റെ നിലപാട് കൂടി കേള്‍ക്കണമെന്നും ശിവകുമാര്‍ ഹൈക്കമാന്‍ഡിന് മുന്നില്‍ നിര്‍ദേശം വെച്ചിട്ടുണ്ട്. രണ്ടാം ടേമില്‍ ഡികെ ശിവകുമാര്‍ മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കും. ഇന്ന് വൈകീട്ട് ബംഗലൂരുവില്‍ നടക്കുന്ന കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സിദ്ധരാമയ്യയെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തെരഞ്ഞെടുക്കും. 

ശനിയാഴ്ച ഉച്ചയ്ക്ക് 12.30 ന് ശ്രീകണ്ഠീരവ സ്റ്റേഡിയത്തിലാകും പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക.


أحدث أقدم