പാലക്കാട് : കൈക്കൂലി വാങ്ങിയതിന് അറസ്റ്റിലായ പാലക്കയം വില്ലേജ് അസിസ്റ്റന്റ് സുരേഷ് കുമാര്‍ താമസിച്ചിരുന്നത് ഫാന്‍ പോലും പ്രവര്‍ത്തിക്കാത്ത ഒറ്റമുറിയില്‍. മണ്ണാര്‍ക്കാട് വില്ലേജ് ഓഫീസിന് അടുത്തുള്ള ലോഡ്ജ് മുറിയിലാണ് കഴിഞ്ഞ പത്തുവര്‍ഷമായി താമസിച്ചിരുന്നത്. സമീപത്തെ ചെറിയ ഹോട്ടലില്‍ നിന്നായിരുന്നു ഭക്ഷണം.
കൃത്യസമയത്ത് ഓഫീസിലെത്തും. ജോലി കഴിഞ്ഞാല്‍ നേരെ മുറിയിലെത്തും. പുറത്ത് കാര്യമായി ഇറങ്ങാറില്ല. ആരുമായും ഇയാള്‍ ബന്ധങ്ങളുമില്ല. തിരുവനന്തപുരം സ്വദേശിയായ സുരേഷ് കുമാറിന് നാട്ടിലേക്ക് സ്ഥലംമാറ്റം ലഭിക്കാനുള്ള സാഹചര്യം ഉണ്ടായിട്ടും അതിനു ശ്രമിച്ചിരുന്നില്ലെന്നും വിജിലന്‍സ് കണ്ടെത്തി.
സുരേഷിന്റെ മുറിയില്‍ നിന്നും വിജിലന്‍സ് ഉദ്യോഗസ്ഥര്‍ 35 ലക്ഷം രൂപയുടെ കറന്‍സിയും 45 ലക്ഷത്തിന്റെ സ്ഥിരനിക്ഷേപത്തിന്റെയും 25 ലക്ഷം രൂപയുടെ സേവിങ്‌സ് അക്കൗണ്ടിന്റെയും രേഖകളും കണ്ടെടുത്തിരുന്നു. അഞ്ച് ,പത്ത് രൂപയുടെ 17 കിലോ നാണയങ്ങളും കണ്ടെടുത്തിരുന്നു. 9000 രൂപയുടെ നാണയങ്ങള്‍ ഉണ്ടായിരുന്നുവെന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഇതു കൂടാതെ, ഉപയോഗശൂന്യമായ 10 ലിറ്റര്‍ തേന്‍, 20 കിലോ കുടംപുളി, നാലു കവറുകള്‍ നിറയെ പടക്കങ്ങള്‍, പായ്ക്കറ്റ് പൊട്ടിക്കാത്ത വസ്ത്രങ്ങള്‍, കെട്ടുകണക്കിന് പേനകൾ കണ്ടെടുത്തവയിൽ പെടുന്നു. പ്രളയബാധിതര്‍ക്ക് എത്തിക്കാന്‍ സുമനസ്സുകള്‍ നല്‍കിയ വസ്ത്രങ്ങള്‍, ബെഡ്ഷീറ്റുകള്‍, പുതപ്പുകള്‍, ബാഗുകള്‍ തുടങ്ങിയവ സുരേഷ് കുമാര്‍ അടിച്ചു മാറ്റി മുറിയില്‍ സൂക്ഷിച്ചിരുന്നു.
കോവിഡ് കാലത്ത് അട്ടപ്പാടിയില്‍ വിതരണം ചെയ്യാനായി എത്തിച്ച സാനിറ്റൈസറും മാസ്‌കും വരെ മുറിയില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്.