പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ചു നഗ്നചിത്രം കൈക്കാലാക്കിയ ശേഷം പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ.


തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ചു നഗ്നചിത്രം കൈക്കാലാക്കിയ ശേഷം പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. കരുംകുളം പൊറ്റയിൽ വാറുവിളാകത്തു വീട്ടിൽ ആദി എന്നു വിളിക്കുന്ന ആദിത്യൻ (18), അതിയന്നൂർ വെൺപകൽ നെട്ടത്തോട്ടം ലക്ഷം വീട് കോളനിയിൽ സൂര്യ (18) എന്നിവരാണ് പിടിയിലായത്. പൂവാർ പൊലീസ് ആണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. കേസിൽ ഇനിയും രണ്ട് പേരെ പിടികൂടാനുണ്ടെന്ന് പൊലീസ് പറഞ്ഞു.

പ്രണയം നടിച്ച് പെൺകുട്ടിയുടെ നഗ്‌ന ചിത്രങ്ങൾ കൈവശപ്പെടുത്തിയ ആദിത്യൻ, ഇവ തന്‍റെ മൂന്ന് സുഹൃത്തുക്കളുടെ മൊബൈല്‍ ഫോണുകളിലേക്ക് അയച്ചു. തുടർന്ന് പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയും 5000രൂപ കൈവശപ്പെടുത്തുകയും ചെയ്തു. പിന്നീട് പ്രതികൾ 4 പേരും ചേർന്ന് പെൺകുട്ടിയെ പീഡിപ്പിക്കാൻ ലക്ഷ്യമിട്ടിരുന്നതായി അന്വേഷണത്തിൽ പൊലീസ് കണ്ടെത്തി.

യുവാക്കളുടെ ഭീഷണിയിൽ ഗത്യന്തരമില്ലാതെ പെൺകുട്ടി വീട്ടിൽ സംഭവം പറഞ്ഞതോടെയാണ് വിവരം പുറത്തറിയുന്നത്. തുടർന്ന് രക്ഷിതാക്കള്‍ പൊലീസിൽ പരാതി നൽകുകയായിരുന്നു. പൂവാർ എസ് എച്ച് ഒ. എസ്.ബി. പ്രവീണിന്റെയും എസ്‌ഐ തിങ്കൾ ഗോപകുമാറിന്റെയും നേതൃത്വത്തിൽ എഎസ്‌ഐമാരായ ഷാജികുമാർ, മധുസൂദനൻ, ശശി നാരായണൻ, രഞ്ജിത്ത് തുടങ്ങിയവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. പോക്‌സോ നിയമം ചുമത്തിയാണ് പ്രതികൾക്കെതിരെ കേസെടുത്തത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.
أحدث أقدم