കടുത്തുരുത്തി: അശ്രദ്ധമായി മിനി വാനില്‍ കെട്ടിവച്ചു കൊണ്ടുവന്ന പൈപ്പ് ഇറക്കത്തില്‍ പുറത്തേക്കു തെറിച്ച് എതിര്‍ദിശയില്‍ നിന്നെത്തിയ കാറിനുള്ളിലേക്കു ഇടിച്ചുകയറി. തലയോലപ്പറമ്പ് ഡിബി കോളേജ് അധ്യാപികയായ കീഴൂര്‍ മംഗലത്ത് വീട്ടില്‍ സിത്താര (44) ഓടിച്ചിരുന്ന കാറിലേക്കാണ് പൈപ്പ് ഇടിച്ച് കയറിയത്. അപകടത്തിൽ നിന്ന് അധ്യാപിക അദ്ഭുതകരമായിട്ടാണ് രക്ഷപ്പെട്ടത്.
ആപ്പാഞ്ചിറ മേല്‍പ്പാലത്തിൽ ആണ് അപകടം നടന്നത്. തലയോലപ്പറമ്പ് ഭാഗത്തു നിന്നു വന്ന മിനി വാന്‍ ആപ്പാഞ്ചിറ റെയില്‍വേ മേല്‍പാലം ഇറങ്ങുന്നതിനിടെ കെട്ടഴിഞ്ഞ് വാഹനത്തിന്റെ മുകളിലുണ്ടായിരുന്ന ഇരുമ്പ് പൈപ്പുകള്‍ മുന്നിലേക്കു തെറിക്കുകയായിരുന്നു. ഈ സമയം എതിര്ദിശയിലൂടെയെത്തി റോഡ് തിരിഞ്ഞു പോവുകയായിരുന്ന കാറിന്റെ സൈഡ് ഗ്ലാസ് തകര്‍ത്തു പൈപ്പുകൾ അകത്തേക്ക് ഇടിച്ചു കയറുകയായിരുന്നു. കാറിന്റെ ഗ്ലാസുകളും ഡോറും സീറ്റും തകര്‍ന്നു. ഇടിച്ചു കയറിയ പൈപ്പുകള്‍ എടുത്ത് മാറ്റിയ ശേഷമാണ് കാര്‍ ഓടിച്ചിരുന്ന സിത്താരയെ പുറത്തിറക്കാന്‍ കഴിഞ്ഞത്. ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.