'വിവാഹത്തിന് താല്പര്യമില്ലെന്ന് അറിയിച്ചു; വേറെ ആളെ വിളിക്കുന്നുവെന്ന് പറഞ്ഞ് വഴക്ക്; കത്തിയെടുത്തു കുത്തി'; യുവതിയുടെ മൊഴി പുറത്ത്


 
 മലപ്പുറം : തന്നെ ആക്രമിച്ച സനിലുമായി വിവാഹത്തിന് താല്‍പ്പര്യമില്ലെന്ന് നേരത്തെ അറിയിച്ചിരുന്നതാണെന്ന് മലപ്പുറത്ത് ബസില്‍ വെച്ച് കുത്തേറ്റ യുവതി പറഞ്ഞു. 

യുവാവിനെ ഭയന്ന് ഇയാള്‍ അറിയാതെയാണ് താന്‍ അങ്കമാലിയില്‍ നിന്നും ബസില്‍ കയറിയത്. ഇടയ്ക്ക് ഏതോ സ്‌റ്റോപ്പില്‍ നിന്നാണ് അയാള്‍ കയറിയതെന്നും കുത്തേറ്റ ഗൂഡല്ലൂര്‍ സ്വദേശിനിയായ യുവതി പറഞ്ഞു. 

 താനിരുന്ന സീറ്റിലിരുന്ന അയാള്‍ കുറേ ഭീഷണിപ്പെടുത്തി. ബാഗില്‍ നിന്നും കത്തിയെടുത്തു കുത്തുകയായിരുന്നു. അയാള്‍ അത്തരത്തില്‍ ആക്രമിക്കുമെന്ന് കരുതിയില്ലെന്നും യുവതി പറഞ്ഞു. 

താന്‍ നേരത്തെ വിവാഹം കഴിച്ചതാണ്. തനിക്ക് ഒരു കുട്ടിയുണ്ട്. ഭര്‍ത്താവ് മരിച്ചുപോയി. സനിലിന് തന്നെ ഇഷ്ടമായിരുന്നു.

എന്നാല്‍ വീട്ടുകാര്‍ക്ക് ഇഷ്ടമല്ലാത്തതിനാല്‍ താന്‍ ഒഴിവായി. എന്നാല്‍ എന്നെ ഇഷ്ടമില്ല എന്നു പറഞ്ഞ നിനക്ക് വേറെ ആളുമായി ഇഷ്ടമുണ്ടെന്നും, അയാളെ വിളിക്കുന്നുണ്ടെന്നും സനില്‍ പറഞ്ഞു. സനില്‍ വേറെ കല്യാണം കഴിച്ചതാണെന്നും കുട്ടിയുണ്ടെന്നും, മാനന്തവാടിയിലാണ് അയാളുടെ ഭാര്യയുടെ വീടെന്നും യുവതി പറഞ്ഞു. 

മൂന്നാറില്‍നിന്നു ബെംഗളൂരുവിലേക്കു പോകുന്ന കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിലാണ് സംഭവമുണ്ടായത്.യുവതിയെ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം സനില്‍ സ്വന്തം കഴുത്ത് മുറിക്കുകയായിരുന്നു.
 ഗുരുതരാവസ്ഥയിലുള്ള വയനാട് സ്വദേശി സനില്‍ (25) കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. യുവതിയും ആശുപത്രിയില്‍ ചികിത്സയിലാണ്.

أحدث أقدم