പത്തനാപുരം : അരിക്കൊമ്പനെ കുങ്കിയാനയാക്കുകയല്ലാതെ വേറെ മാര്‍ഗമില്ലെന്ന് ഗണേഷ് കുമാര്‍ എംഎല്‍എ.
എവിടെക്കൊണ്ടുപോയി പാര്‍പ്പിച്ചാലും അത് തിരികെ വരുമെന്നും നാട്ടിലെ ആളുകളെ അരിക്കൊമ്പന് ഭയമില്ലെന്നും ഗണേഷ് കുമാര്‍ പറയുന്നു.
'ഞാന്‍ ജനിച്ചപ്പോള്‍ തൊട്ട് ആനയെ കാണുന്ന ഒരാളാണ്. അതിനെ സ്‌നേഹിക്കുകയും അതിന്റെ മനശാസ്ത്രം അറിയുകയും ചെയ്യാം. ആനത്താരയില്‍ ആളുകള്‍ താമസിക്കുന്നു എന്നൊക്കെ പറയുന്നത് പാവപ്പെട്ട കര്‍ഷകരെ ഉപദ്രവിക്കുന്ന പ്രസ്താവനയാണ്. അങ്ങനെയാണെങ്കില്‍ കമ്പത്ത് താമസിക്കുന്ന ആളുകളൊക്കെ ആനത്താരയില്‍ സ്ഥലംവച്ച് താമസിച്ചവരാണോ? അല്ലല്ലോ. ആനയ്ക്ക് ഇഷ്ടമുള്ള ഭക്ഷണത്തിന്റെ മണം പിടിച്ചു കഴിഞ്ഞാല്‍ അത് തേടിവരും. ഈ ആനയക്ക് മനുഷ്യന്റെയും അരിയുടെയും മണം അറിയാം.
ആദ്യം തേയിലത്തോട്ടത്തിലിറങ്ങി, പിന്നെ അരി അന്വേഷിച്ചുവന്നു. ഇപ്പോള്‍ നാട്ടിലും ഇറങ്ങി. അതിന് നാട്ടിലെ ആളുകളെ ഭയമില്ല. തമിഴ്‌നാട് അതിനെ പിടിക്കുകയല്ലാതെ വേറെ മാര്‍ഗമില്ല. ഇതിനെ എവിടെക്കൊണ്ടു വിട്ടാലും പുറത്തുവന്നുകൊണ്ടിരിക്കും. ഉത്സവത്തിന് കൊണ്ടുവരുന്ന ആനയ്ക്ക് ഒരു പഴം മേടിച്ച് കൊടുക്കാത്ത ആളുകളാണ് ഇതിനെതിരെ കേസ് കൊടുക്കുന്നത്.
ഈയിടെ വനംവകുപ്പ് ഉദ്യോഗസ്ഥരുമായി നടന്ന ഉന്നതതല യോഗത്തില്‍ ഞാന്‍ പറഞ്ഞിരുന്നു നിങ്ങളുടെ അഞ്ചു ലക്ഷം രൂപയുടെ കോളര്‍ തമിഴ്‌നാട് സര്‍ക്കാര്‍ കൊണ്ടുപോകുമെന്ന്. മിക്കവാറും അത് സംഭവിക്കും.'- അദ്ദേഹം പറഞ്ഞു.
ആനയ്ക്ക് വഴി മനസ്സിലായി. എവിടെ കൊണ്ടു വിട്ടാലും ഇനി വീണ്ടും വരും. എത്രയും വേഗം മെരുക്കി കുങ്കി ആനയാക്കുക മാത്രമാണ് ഇനിയുള്ള ഏക വഴി. ഓരോ ആനയ്ക്കും ഓരോ സ്വഭാവമുണ്ട്. ആവശ്യമില്ലാത്ത കാര്യത്തില്‍ നമ്മള്‍ ഇടപെടരുത്. തമിഴ്‌നാട്ടില്‍ മനുഷ്യജീവന് ഇവിടുത്തേക്കാള്‍ വിലയുണ്ടെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത് - ഗണേഷ് കുമാർ പറഞ്ഞു.