കൊച്ചി: എറണാകൂളം അബ്ദുള്‍കലാം മാര്‍ഗില്‍ വിശ്രമത്തിനായി എത്തിയ
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിക്കുകയും തുടര്‍ന്ന് ഭീഷണിപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നെടുത്ത് പണയംവയ്ക്കുകയും വില്‍ക്കുകയും ചെയ്തി വയനാട് ബത്തേരി ബീനാച്ചി സ്വദേശി താഹിര്‍, കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി ആഷിന്‍ തോമസ് എന്നിവര്‍ പിടിയില്‍. കഴിഞ്ഞ ദിവസം വീട്ടില്‍ നിന്നും രണ്ട് മോതിരവും ഒരു മാലയും കാണാനില്ലെന്ന് പറഞ്ഞ് ദമ്പതികള്‍ മുളവുകാട് പൊലീസ് സ്റ്റേഷനില്‍ എത്തിയപ്പോഴാണ് പ്രണയം നടിച്ചുള്ള പീഡനവിവരവും അതിന്റെ മറവിലുള്ള സ്വര്‍ണകവര്‍ച്ചയും പൊലീസ് പുറത്തുകൊണ്ടുവന്നത്.
സംശയം തോന്നിയ പൊലീസ് അന്വേഷണത്തിന്റെ ഭാഗമായി പ്രായപൂര്‍ത്തിയാകാത്ത മകളെ ചോദ്യം ചെയ്തപ്പോഴാണ് സ്വര്‍ണാഭരണങ്ങള്‍ യുവാവ് തട്ടിയെടുത്ത വിവരം പറയുന്നത്. പിന്നീട് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് പെണ്‍കുട്ടി വനിതാ പൊലീസുകാരൂടെ മുന്നില്‍ പീഡനവിവരം വെളിപ്പെടുത്തിയത്. എറണാകുളം അബ്ദുള്‍കലാം മാര്‍ഗില്‍ സ്‌കൂള്‍ സമയം കഴിഞ്ഞ് സ്ഥിരമായി എത്തുന്ന പെണ്‍കുട്ടിയെ നാട്ടില്‍ മറ്റൊരു പെണ്‍കുട്ടിയുമായി വിവാഹം ഉറപ്പിച്ചിരുന്ന താഹിര്‍ പരിചയപ്പെടുകയും ഇന്‍സ്റ്റഗ്രാം ഐഡി വാങ്ങുകയും പിന്നീട് പെണ്‍കുട്ടിയെ ചാറ്റിങ്ങിലൂടെ പ്രണയകുരുക്കില്‍ വീഴ്ത്തുകയുമായിരുന്നു.
തന്റെ പേര് വിഷ്ണു എന്നാണ് താഹിര്‍ പെണ്‍കുട്ടിയെ പറഞ്ഞുവിശ്വസിപ്പിച്ചത്. പ്രണയത്തിലായ പെണ്‍കുട്ടിയെ താഹിര്‍ ലൈംഗികമായി ചൂഷണം ചെയ്യുകയും ചെയ്തു. തുടര്‍ന്ന് തന്റെ കൂട്ടാളിയായ ആഷിനുമൊന്നിച്ച് പീഡനവിവരം പുറത്തറിയിക്കുമെന്ന് പറഞ്ഞ് പെണ്‍കുട്ടിയുടെ ആഭരണങ്ങള്‍ ഓരോന്നായി തട്ടിയെടുക്കുകയായിരുന്നു. ആഭരണങ്ങള്‍ വിറ്റതും പണയം വച്ചതും ആഷിന്‍ ആയിരുന്നു. ഒളിവില്‍ പോയ താഹിര്‍ വയനാട്ടിലെ വീട്ടില്‍ നിന്നുമാണ് പിടിയിലായത്. സ്റ്റേഷനിലെത്തിച്ച് താഹിറിനെ ചോദ്യം ചെയ്തപ്പോഴാണ് ആഷിന്‍ കൊച്ചിയിലുണ്ടെന്ന് മനസിലാക്കിയത്.
അത്യാവശ്യമായി കാണണമെന്ന് താഹിര്‍ ആഷിനെ ഫോണ്‍ വിളിച്ചറിയച്ചതനുസരിച്ച് ഹൈക്കോര്‍ട്ട് ഭാഗത്തെത്തിയപ്പോള്‍ പൊലീസ് ബലപ്രയോഗത്തിലൂടെ കീഴടക്കുകയായിരുന്നു. ആഭരണം വിറ്റുകിട്ടിയ പണം കൊണ്ട് പ്രതികള്‍ മയക്കുമരുന്നുകള്‍ ഉള്‍പ്പടെയുള്ള ആര്‍ഭാട ജീവിതം നയിക്കുകയായിരുന്നു. അബ്ദുള്‍ കലാം മാര്‍ഗില്‍ എത്തുന്ന മറ്റ് പെണ്‍കുട്ടികളെ ഇവര്‍ ഇത്തരത്തില്‍ പ്രണയം നടിച്ച് പണം കവര്‍ന്നിട്ടുണ്ടോയെന്നും ലഹരിക്ക് അടിമകള്‍ ആക്കിയിട്ടുണ്ടോയെന്നും അന്വേഷിക്കുമെന്ന് മുളവുകാട് എസ്‌ഐ പറഞ്ഞു.