തിരുവനന്തപുരം ; ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ലേബര്‍ ക്യാമ്പില്‍ പൊലീസ് ചമഞ്ഞെത്തി പണം കവർന്നു. പൊലീസ് വേഷത്തിൽ ക്യാമ്പിൽ എത്തിയ ആറംഗ സംഘം തൊഴിലാളികളിൽ നിന്ന് 84,000 രൂപ കൈക്കലാക്കുകയായിരുന്നു.
സംശയം തോന്നി തൊഴിലാളികൾ ഇവരുടെ പിന്നാലെ കൂടിയതോടെയാണ് തട്ടിപ്പ് പുറത്തായത്. രണ്ട് പേരെ തൊഴിലാളികളും നാട്ടുകാരും ചേർന്ന് പിടിച്ച് പൊലീസിന് കൈമാറി.
ശനിയാഴ്ച രാത്രി 10.30 ഓടെ വെങ്ങാനൂര്‍ നെല്ലിവിള മുളളുവിളയില്‍ ജ്ഞാന ശീലന്‍ നടത്തുന്ന ലേബര്‍ ക്യാമ്പിലാണ് സംഭവമുണ്ടായത്. ആറംഗം സംഘം ക്യാമ്പിനുളളില്‍ കയറി തങ്ങള്‍ പൊലീസ് ആണെന്നും പൈസ വെച്ച് ചീട്ട് കളിക്കുകയാണെന്നറിഞ്ഞ് എത്തിയതാണെന്നും പറയുകയായിരുന്നു. തൊഴിലാളികളെ ചോദ്യം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.
തുടര്‍ന്ന് തൊഴിലാളികളുടെ പക്കല്‍ ഉണ്ടായിരുന്ന 84,000 രൂപ കൈക്കലാക്കി. അവരുടെ മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തെങ്കിലും മടങ്ങുന്നതിന് മുമ്പ് തിരികെ നല്‍കി.
ക്യാമ്പിൽ നിന്ന് പുറത്തിറങ്ങിയ സംഘത്തെ തൊഴിലാളികള്‍ പിന്തുടരുകയായിരുന്നു. ഇത് മനസിലാക്കിയതോടെ അവർ ഓടി. ക്യാമ്പിലുള്ളവരുടെ ഉച്ചത്തിലുള്ള വിളി കേട്ട് നാട്ടുകാരും എത്തിയെങ്കിലും നാല് പേര്‍ രക്ഷപ്പെട്ടു. സമീപത്തെ പറമ്പില്‍ ഒളിച്ചിരുന്ന രണ്ട് പേരെയാണ് നാട്ടുകാര്‍ കൈയ്യോടെ പിടികൂടി പൊലീസിന് കൈമാറിയത്. പശ്ചിമ ബംഗാള്‍ ദിനാപൂര്‍ സ്വദേശി നൂര്‍ അലമിയ(27), ചാല ഫ്രണ്ട്സ് നഗറില്‍ ശ്രീഹരി(27) എന്നിവരാണ് അറസ്റ്റിലായത്.