പൊലീസിന്റെ നേതൃത്വത്തില്‍ വീണ്ടും വന്‍ കഞ്ചാവുവേട്ട, അച്ഛനും മകനും അറസ്റ്റില്‍. അടൂര്‍ പള്ളിക്കല്‍ തെങ്ങമം പുന്നാറ്റുകര വടക്കേവീട്ടില്‍ രാഘവന്റെ മകന്‍ രവീന്ദ്രന്‍ (57), ഇയാളുടെ മകന്‍ മണികണ്ഠന്‍ എന്നിവരാണ് ഡാന്‍സാഫ് സംഘവും അടൂര്‍ പോലീസും ചേര്‍ന്ന് നടത്തിയ റെയ്ഡില്‍ പിടിയിലായത്. വില്‍പ്പനയ്ക്കായി വീട്ടില്‍ സൂക്ഷിച്ച ഒരു കിലോ കഞ്ചാവ് പിടിച്ചെടുത്തു.
രവീന്ദ്രന്‍ മുമ്പ് അബ്കാരി കേസിലും കഞ്ചാവ് കേസിലും ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍ ഐ പി എസ്സിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. ഡാന്‍സാഫ് ജില്ലാ നോഡല്‍ ഓഫീസറും, നര്‍കോട്ടിക് സെല്‍ ഡി വൈ എസ് പിയുമായ കെ എ വിദ്യാധരന്റെയും അടൂര്‍ ഡി വൈ എസ് പി ആര്‍ ജയാജിന്റെയും മേല്‍നോട്ടത്തിലാണ് റെയ്ഡ് നടന്നത്. പ്രതികള്‍ നാളുകളായി പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു.