കോലഞ്ചേരി: വയോധികയെ വീട്ടുമുറ്റത്ത് പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. തിരുവാണിയൂർ വെട്ടിയ്ക്കൽ തെക്കേടത്ത് വീട്ടിൽ പരേതനായ നാരായണൻ നായരുടെ ഭാര്യ സരള (62) ആണ് മരിച്ചത്. വെട്ടിക്കൽ സ്വകാര്യ സ്കൂളിലെ താല്ക്കാലിക ജീവനക്കാരിയായിരുന്നു സരള. അധ്യയന വർഷം ആരംഭിച്ച ഇന്നലെ രാവിലെ വിളിച്ചിട്ടും ഫോൺ എടുക്കാത്തതിനെ തുടർന്ന് സ്കൂൾ അധികൃതർ വീട്ടിൽ അന്വേഷിച്ചെത്തിയപ്പോഴാണ് സരളയുടെ മൃതദേഹം കത്തിക്കരിഞ്ഞനിലയിൽ കണ്ടെത്തിയത്. തുടർന്ന്, നാട്ടുകാർ പുത്തൻകുരിശ് പൊലീസിൽ വിവരമറിയിച്ചു. മൃതദേഹത്തിനടുത്ത് ഒഴിഞ്ഞ മണ്ണെണ്ണ കുപ്പി കണ്ടെത്തിയിട്ടുണ്ട്. മണ്ണണ്ണ ഒഴിച്ച് സ്വയം തീ കൊളുത്തി മരിച്ചതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം കളമശേരി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.