കോട്ടയം: പാമ്പാടി ആറാം വാർഡിൽ കോഴി ഫാം ഉടമയായ ജോബി വളർത്തുന്ന റോട്ട് വീലർ ഇനത്തിൽപ്പെട്ട നായയെ അഴിച്ചുവിട്ടു സമീപവാസികൾക്കും, വഴിയാത്രക്കാർക്കും അപകടാവസ്ഥ സൃഷ്ടിക്കുന്നതായി പരാതി
മുൻപും ഇതേ പ്രവണത ഉടമ നടത്തിയപ്പോൾ പാമ്പാടി പോലീസ് സ്റ്റേഷനിൽ അയൽവാസി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് സ്റ്റേഷനിൽ നിന്ന് നായയുടെ ഉടമയെ വിളിപ്പിച്ചു താക്കീത് നൽകുകയും, മേലാൽ നായയെ അഴിച്ചു വിടരുതെന്നു കർശന നിർദ്ദേശം നൽകിയതായിരുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി സമീപവാസികൾക്ക് പ്രശ്നങ്ങൾ ഇല്ലാതിരുന്നു. എന്നാൽ വീണ്ടും കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി ഉടമ നായയെ അഴിച്ചു വിടുകയും, സമീപവാസികൾക്ക് ബുദ്ധിമുട്ടുണ്ടാവുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ കോട്ടയം കളക്ടറുടെ ഓഫീസിലും, പാമ്പാടി പോലീസ് സ്റ്റേഷനിലും, പഞ്ചായത്തിലും പരാതിയുമായി വീണ്ടും സമീപവാസികൾ സമീപിച്ചിരിക്കുകയാണ്. അയൽവാസിയായ ഗർഭിണിയായ യുവതി ഈ നായയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത് അവരുടെ വീട്ടിൽ ജോലി ചെയ്തിരുന്ന ജോലിക്കാരന്റെ സമയോചിതമായ ഇടപെടൽ ഒന്നുകൊണ്ട് മാത്രമാണ്. അയൽവാസികളുടെ വീട്ടുമുറ്റത്ത് വരുന്ന ഈ നായ ആ വീട്ടുകാരോട് ആക്രമണ സ്വഭാവം കാണിക്കുന്നുണ്ടെന്നുള്ളതും, റോഡിൽ കൂടി പോകുന്ന വഴിയാത്രക്കാർക്കും, സ്കൂൾ കുട്ടികൾക്കും ഈ നായ ഒരു ഭീഷണി തന്നെയാണ്. ഇതിന് ഉടൻ പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം