വന്യജീവി ആക്രമണത്തെ ഒറ്റപ്പെട്ട സംഭവമാക്കാന്‍ സര്‍ക്കാര്‍ ശ്രമം: ലിജിന്‍ ലാല്‍

എരുമേലി: വന്യജീവി ആക്രമണത്തെ ഒറ്റപ്പെട്ട സംഭവമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍.

 വന്യജീവികളുടെ ആക്രമണങ്ങളില്‍ നിന്ന് മലയോര മേഖലയിലെ ജനങ്ങളുടെ ജീവന്‍ രക്ഷിക്കാനും, സുഗമമായി കൃഷി ചെയ്യുന്നതിനുള്ള സൗകര്യമൊരുക്കാനും സര്‍ക്കാര്‍ തയ്യാറാവണമെന്നും കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട് ബിജെപി മുണ്ടക്കയം മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച എരുമേലി ഫോറസ്റ്റ് ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ആറ് വര്‍ഷങ്ങള്‍ക്കൊണ്ട് 735 ആളുകളാണ് വന്യജീവി ആക്രമണത്തില്‍ മരണപ്പെട്ടിരിക്കുന്നത്. 2021 ജൂണ്‍ മുതല്‍ മാത്രം 124 പേരുമെന്നത് ഞെട്ടിക്കുന്നതാണ്.


 മലയോര മേഖലയില്‍ ഇത്രയും ഗുരുതര പ്രശ്‌നങ്ങള്‍ നിലനില്‍ക്കുമ്പോള്‍ സര്‍ക്കാര്‍ സംവിധാനം വെറും നോക്കുകുത്തിയായി നില്ക്കുന്നു. ഫെന്‍സിങ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചെയ്ത് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതില്‍ സര്‍ക്കാരിന് വീഴ്ച ഉണ്ടായി. വന്യജീവികള്‍ക്ക് അവരുടെ ആവാസ്ഥ മേഖലയില്‍ നടപ്പിലാക്കേണ്ട ഫുഡ് സ്ട്രച്ചുകള്‍ ഉണ്ടാക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നല്കിവരുന്ന ഫണ്ടുകള്‍ സംസ്ഥാന സര്‍ക്കര്‍ വകമാറ്റി അഴിമതി നടത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ബിജെപി മുണ്ടക്കയം മണ്ഡലം പ്രസിഡന്റ് റോയ് ചാക്കോ അധ്യക്ഷനായി. ബിജെപി ജില്ലാ സെക്രട്ടറി അഖില്‍ രവീന്ദ്രന്‍, ജില്ലാ സെല്‍ കോഡിനേറ്റര്‍ കെ.ആര്‍. സോജി, ന്യൂനപക്ഷ മോര്‍ച്ച ദേശിയ കൗണ്‍സില്‍ അംഗം സുമിത് ജോര്‍ജ്, ജില്ലാ കമ്മിറ്റി അംഗങ്ങള്‍ ആയ ആര്‍.സി. നായര്‍, അനിയന്‍ എരുമേലി, മണ്ഡലം ജനറല്‍ സെക്രട്ടറി വിജയരാഘവന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
أحدث أقدم