കൈ പിന്നിലേക്ക് കെട്ടി.. വായിൽ തുണി തിരുകി പൊള്ളിച്ചു…10 വയസ്സുകാരന് പിതാവിന്റെ ക്രൂര മർദ്ദനം

 
പാലക്കാട്: ട്യൂഷൻ ക്ലാസിൽ പോയില്ലെന്ന് ആരോപിച്ച് 10 വയസ്സുകാരനെ ക്രൂരമായി മർദ്ദിച്ച് പിതാവ്. കുട്ടിയുടെ അമ്മയുടെ പരാതിയിൽ തമിഴ്‌നാട് സ്വദേശിയായ പിതാവിനെതിരെ പോലീസ് കേസെടുത്തു. ട്യൂഷൻ ക്ലാസിൽ പോകാത്തതിനെ തുടർന്ന് കൈകൾ പിന്നിലേക്ക് കെട്ടി കുട്ടിയുടെ വായിൽ തുണി തിരുകി മർദ്ദിക്കുകയായിരുന്നു. കുട്ടിയുടെ രണ്ട് കാലിലും മടവാളിന്റെ പിൻവശം ഉപയോഗിച്ച് അടിച്ചതിന്റെ പാടുകളുമുണ്ട്. മുട്ടിനു മുകളിൽ ചട്ടുകം പഴുപ്പിച്ച് പൊള്ളൽ ഏൽപ്പിച്ചതിന്റെയും മുറിവുകൾ കാണാം.

സ്‌കൂളിലെത്തിയ സമയം കാലിലെ മുറിവുകൾ ശ്രദ്ധയിൽപ്പെട്ട അദ്ധ്യാപകരാണ് മണ്ണാർക്കാട് സ്വദേശിയായ അമ്മയെ വിളിച്ച് ദുരവസ്ഥ പറഞ്ഞത്. അമ്മയുടെ നിർബന്ധപ്രകാരം പിതാവ് തന്നെ കുട്ടിയെ മണ്ണാർക്കാട് എത്തിച്ചു. കുട്ടിയുടെ അമ്മയുമായി അകന്നു കഴിയുന്ന പിതാവ് മകനെ രണ്ട് മാസം മുമ്പാണ് തമിഴ്‌നാട്ടിലെ മധുക്കരയിലേക്ക് കൊണ്ടുപോയത്.

കുട്ടിയുടെ അമ്മ മണ്ണാർക്കാട് പോലീസിൽ വിവരം അറിയിച്ചെങ്കിലും തമിഴ്‌നാട്ടിൽ നടന്ന സംഭവമായതിനാൽ ആദ്യ ഘട്ടത്തിൽ പോലീസ് കേസെടുത്തില്ല. തുടർന്ന് ബന്ധുക്കൾ മധുക്കര പോലീസിനെ സമീപിച്ചു. ഇതിനിടെ കുട്ടിയുടെ വിശദമായ മൊഴി ശിശുസംരക്ഷണ വകുപ്പ് രേഖപ്പെടുത്തി. ഇതിന്റ അടിസ്ഥാനത്തിലാണ് പിന്നീട് പോലീസ് കേസെടുത്തത്. തുടർ അന്വേഷണത്തിനായി കേസ് മധുക്കര പോലീസിന് കൈമാറുമെന്ന് മണ്ണാർക്കാട് പോലീസ് അറിയിച്ചു.
أحدث أقدم