തങ്കച്ചൻ്റെ കുടുംബത്തിന് 11.25 ലക്ഷം നൽകും; പ്രതിഷേധങ്ങൾക്ക് താത്ക്കാലിക ശമനം

 


മാനന്തവാടി: കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട വനംവാച്ചര്‍ തങ്കച്ചൻ്റെ കുടുബത്തിന് അടിയന്തിരമായി 11.25 ലക്ഷം നല്‍കാന്‍ തീരുമാനമായി. വയനാട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്ന് മൃതദേഹം ഏറ്റുവാങ്ങാതെ ബന്ധുക്കളും നാട്ടുകാരും നടത്തിയ പ്രതിഷേധത്തിനൊടുവിലാണ് നഷ്ടപരിഹാരതുക നല്‍കാന്‍ തീരുമാനമായത്. 25,000 രൂപ അടിയന്തര സഹായമായും ബുധനാഴ്ച അഞ്ചുലക്ഷം രൂപയും 15 ദിവസത്തിനകം ബാക്കി തുകയും നല്‍കാന്‍ വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവരാണ് തീരുമാനമെടുത്തത്. ഇതിനുപുറമെ തങ്കച്ചൻ്റെ മകള്‍ അയോണ നേഴ്‌സിംഗ് പഠനത്തിനായി എടുത്ത വിദ്യാഭ്യാസ ലോണ്‍ എഴുതി തള്ളുന്നതിന് ശുപാര്‍ശ ചെയ്യുമെന്നും സര്‍വ്വകക്ഷി യോഗത്തില്‍ അധികൃതര്‍ ബന്ധുക്കളെ അറിയിച്ചു. അടിയന്തരമായി അനുവദിക്കുന്ന തുക കൂടാതെ കൂടുതല്‍ തുകക്കായി മുഖ്യമന്ത്രിക്ക് എഡിഎം പ്രപ്പോസല്‍ നല്‍കും. തങ്കച്ചൻ്റെ ഭാര്യക്ക് താത്ക്കാലിക ജോലി നല്‍കുന്നതിനും നടപടി സ്വീകരിക്കും.പത്തുവര്‍ഷമായി താത്ക്കാലിക വാച്ചറായും ഗൈഡായും ജോലി ചെയ്തിരുന്ന തങ്കച്ചന്‍ നിര്‍ധന കുടുംബാംഗമാണ്. ചൊവ്വാഴ്ച പതിവുപോലെ വിനോദ സഞ്ചാരികളെയുംകൊണ്ട് ട്രക്കിങ് നടത്തുന്നതിനിടെയായിരുന്നു ഇദ്ദേഹത്തെ കാട്ടാന ആക്രമിച്ചത്. സ്ഥിരമായി ട്രക്കിങിന് പോകുന്ന വഴിയിലാണ് ആനയുടെ ആക്രമണം ഉണ്ടായത്. കഴിഞ്ഞദിവസവും ഈ മേഖലയില്‍ ആനയിറങ്ങിയിരുന്നു. സര്‍വ്വകക്ഷി യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണന്‍, എഡിഎം എന്‍ഐ ഷാജു, ഡിഎഫ്ഒ മാര്‍ട്ടിന്‍ ലോവര്‍, ഡിഎഫ്ഒ ഷജ്‌ന കരീം, തഹസില്‍ദാര്‍ എംജെ അഗസ്റ്റിന്‍, സിഐ എംഎം അബ്ദുള്‍ കരീം, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ധനസഹായം നല്‍കുമെന്നതടക്കമുള്ള തീരുമാനങ്ങള്‍ നടപ്പാക്കുമെന്ന കാര്യം രേഖാമൂലം ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും ഉറപ്പ് നല്‍കിയതിന് ശേഷമാണ് പ്രതിഷേധം അവസാനിച്ചത്. തുടര്‍ന്ന് ബന്ധുക്കള്‍ മൃതദേഹം ഏറ്റുവാങ്ങി.

أحدث أقدم