കെഎസ്ആര്‍ടിസി കണ്ടക്ടർ ബാലന്‍സ് നല്‍കിയില്ല; ചോദിച്ചപ്പോൾ അപമാനിച്ചു; ഒൻപതാം ക്ലാസുകാരി നടന്നത് 12 കിലോമീറ്റര്‍



തിരുവനന്തപുരം: നെടുമങ്ങാട് സ്കൂൾ വിദ്യാര്‍ഥിനിയോട് കെഎസ്ആര്‍ടിസി കണ്ടക്ടറുടെ ക്രൂരത. ടിക്കറ്റിൻ്റെ ബാലന്‍സ് നല്‍കാത്തതിനെത്തുടര്‍ന്ന് വിദ്യാര്‍ഥിനി സ്‌കൂളില്‍നിന്ന് വീട്ടിലേക്കെത്താന്‍ നടന്നത് 12 കിലോമീറ്റര്‍. ആട്ടുകാല്‍ സ്വദേശിയായ അഖിലേഷിൻ്റെ മകള്‍ അനശ്വരയ്ക്കാണു കെഎസ്ആര്‍ടിസി ജീവനക്കാരിൽനിന്ന് ദുരനുഭവമുണ്ടായത്.



അനശ്വര നെടുമങ്ങാട് ഗവ.ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. ട്യൂഷന്‍ ഉള്ളതുക്കൊണ്ട് സ്‌കൂള്‍ ബസ് ഒഴിവാക്കി കെഎസ്ആര്‍ടിസി ബസിലാണ് അനശ്വര ചൊവ്വാഴ്ച രാവിലെ നെടുമങ്ങാട്ടേക്കു വന്നത്. രാവിലെ 6.40ന് ആട്ടുകാലില്‍നിന്നു ബസ്സില്‍ കയറി പതിനെട്ട് രൂപ ടിക്കറ്റിന് 100 രൂപയാണ് അനശ്വര കണ്ടക്ടറുടെ കയ്യില്‍ കൊടുത്തത്.എന്നാല്‍ ബാലന്‍സ് തുക കണ്ടക്ടര്‍ നല്‍കിയില്ല. നെടുമങ്ങാട് ബസ്സിറങ്ങിയപ്പോള്‍ ബാലന്‍സ് തുക ചോദിച്ചെങ്കിലും പണം നല്‍കാതെ പരിഹസിക്കുകയായിരുന്നു കണ്ടക്ടറെന്ന് വിദ്യാര്‍ഥിനി നല്‍കിയ പരാതിയില്‍ പറയുന്നു. 100 രൂപ കൊടുത്തപ്പോള്‍ ബാക്കി നല്‍കാന്‍ ചില്ലറയില്ലെന്നും എവിടെയെങ്കിലും ഇറങ്ങി ചില്ലറ വാങ്ങാനും കണ്ടക്ടര്‍ പറഞ്ഞതായും കുട്ടിയുടെ പിതാവ് നെടുമങ്ങാട് പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.സ്‌കൂള്‍ വിട്ട ശേഷം വീട്ടിലേക്ക് പോകാന്‍ പണം ഇല്ലാത്തതിനാല്‍ 12 കിലോമീറ്റര്‍ വീട്ടിലേക്കു നടക്കേണ്ടി വന്നെന്നും പിതാവ് പോലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു. അതേസമയം, സംഭവം വിവാദമായതോടെ കണ്ടക്ടര്‍ ബാക്കി തുക ഡിപ്പോയില്‍ അടച്ചു.
أحدث أقدم