ഏഷ്യാ കപ്പിൽ ഇന്ത്യ ഫൈനലിൽ, ശ്രീലങ്കയുടെ 13 മത്സരങ്ങൾ നീണ്ട വിജയക്കുതിപ്പ് തകർത്തു;


ഏഷ്യാ കപ്പ് സൂപ്പർ ഫോർ മത്സരത്തിൽ ശ്രീലങ്കക്കെതിരെ തകർപ്പൻ ജയവുമായി ഇന്ത്യ. ശ്രീലങ്കയെ 41 റൺസിനാണ് ഇന്ത്യ കീഴടക്കിയത്. ഇന്ത്യ മുന്നോട്ടുവച്ച 214 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ശ്രീലങ്ക 172 റൺസിന് ഓൾ ഔട്ടായി. ഇതോടെ സൂപ്പർ ഫോറിലെ രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യ ഏഷ്യാ കപ്പ് ഫൈനലിൽ കടന്നു.ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കായി രോഹിത് ശർമയും ശുഭ്മൻ ഗില്ലും ചേർന്ന് മികച്ച തുടക്കം നൽകി. 80 റൺസ് നീണ്ട കൂട്ടുകെട്ടാണ് ആദ്യ വിക്കറ്റിൽ സഖ്യം കൂട്ടിച്ചേർത്തത്. പിന്നീട് തൻ്റെ ആദ്യ പന്തിൽ ഗില്ലിനെ (19) മടക്കി ആരംഭിച്ച യുവ സ്പിന്നർ ദുനിത് വെല്ലാലഗെ വിരാട് കോലി (3), രോഹിത് ശർമ (53) എന്നിവരെയും മടക്കി അയച്ചു. രോഹിതാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. പിന്നീട് ഇഷാൻ കിഷനും കെഎൽ രാഹുലും ചേർന്ന് നാലാം വിക്കറ്റിൽ 63 റൺസ് കൂട്ടിച്ചേർത്തു. രാഹുലിനെ (39) വെല്ലാലഗെയും കിഷനെ (33) ചരിത് അസലങ്കയും പുറത്താക്കിയതോടെ ഇന്ത്യ വീണ്ടും തകർന്നു. ഹാർദിക് പാണ്ഡ്യയെ (5) വീഴ്ത്തി വെല്ലാലഗെ കരിയറിലെ ആദ്യ 5 വിക്കറ്റ് നേട്ടം കുറിച്ചപ്പോൾ രവീന്ദ്ര ജഡേജ (4), ജസ്പ്രീത് ബുംറ (5), കുൽദീപ് യാദവ് (0) എന്നിവരെ വീഴ്ത്തി ചരിത് അസലങ്ക 4 വിക്കറ്റും തികച്ചു. അവസാന വിക്കറ്റായ അക്സർ പട്ടേലിനെ (26) അവസാന ഓവറിലെ ആദ്യ പന്തിൽ മഹേഷ് തീക്ഷണ പുറത്താക്കി. മറുപടി ബാറ്റിംഗിൽ പാത്തും നിസങ്ക (6), കുശാൽ മെൻഡിസ് (15) എന്നിവരെ ബുംറയും ദിമുത് കരുണരത്നെയെ (2) മുഹമ്മദ് സിറാജും മടക്കിയതോടെ ശ്രീലങ്കയുടെ തുടക്കം തന്നെ പാളി. സദീര സമരവിക്രമ (17), ചരിത് അസലങ്ക (22) എന്നിവരെ കുൽദീപ് യാദവ് കെട്ടുകെട്ടിച്ചപ്പോൾ ദസുൻ ശാനകയെ (9) രവീന്ദ്ര ജഡേജ മടക്കി അയച്ചു. ഏഴാം വിക്കറ്റിൽ ധനഞ്ജയ ഡിസിൽവയും (41) ദുനിത് വെല്ലാലഗെയും ചേർന്ന് 63 റൺസ് കൂട്ടിച്ചേർത്തു. ഡിസിൽവയെ മടക്കിയ ജഡേജ ഇന്ത്യക്ക് വീണ്ടും ബ്രേക്ക് ത്രൂ സമ്മാനിച്ചു. മഹീഷ് തീക്ഷണയെ (2) ഹാർദിക് പുറത്താക്കിയപ്പോൾ കസുൻ രജിത (1), മതീഷ പതിരന (0) എന്നിവരെ വീഴ്ത്തിയ കുൽദീപ് 4 വിക്കറ്റ് നേട്ടവുമായി ഇന്ത്യക്ക് ജയം സമ്മാനിച്ചു. വെല്ലാലഗെ 41 റൺസുമായി പുറത്താവാതെ നിന്നു.

أحدث أقدم