ലോക നേതാക്കന്‍മാര്‍ക്കായി രാഷ്ട്രപതിയുടെ ആത്താഴ വിരുന്ന്; ചടങ്ങില്‍ 170 അതിഥികള്‍



ന്യൂഡല്‍ഹി : ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കുന്ന ലോക നേതാക്കള്‍ക്കായി അത്താഴ വിരുന്നൊരുക്കി രാഷ്ട്രപതി ദ്രൗപദി മുര്‍മ്മു. ഇന്ന് രാത്രി ഭാരത് മണ്ഡപത്തിലെ കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ചാണ് വിരുന്ന്. ചടങ്ങില്‍ പങ്കെടുക്കുന്ന 170 അതിഥികളുടെ പേര് വിവരങ്ങള്‍ രാഷ്ട്രപതി ഭവന്‍ പുറത്ത് വിട്ടു.


ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ എത്തിയ രാഷ്ട്ര തലവന്‍മാരും ആവരുടെ പങ്കാളികള്‍, പ്രതിനിധി സംഘം, കേന്ദ്ര ക്യാബിനറ്റ് മന്ത്രിമാര്‍, ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാര്‍ തുടങ്ങി 170 പേരെയാണ് വിരുന്നിനായി ക്ഷണിച്ചിട്ടുള്ളത്. കൂടാതെ രാഷ്ട്രപതി ദ്രൗപദി മുര്‍മ്മു, ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖര്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി, മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, മുന്‍ ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു തുടങ്ങിയവരും വിരുന്നില്‍ സന്നിഹിതരായിരിക്കും.


മൂന്നു മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന അത്താഴ വിരുന്നിന് കൂടുതല്‍ മിഴിവേകാന്‍ നിരവധി കലാപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. രാവണഹത, രുദ്രവീണ തുടങ്ങിയ പ്രാചീന സംഗീതോപകരണങ്ങള്‍ കൊണ്ടുള്ള പ്രത്യേക സംഗീത പരിപാടി രാത്രിയെ കൂടുതല്‍ മനോഹരമാക്കും.


ഹിന്ദുസ്ഥാനി സംഗീതത്തെയും കര്‍ണാടക സംഗീതത്തെയും കൂടുതല്‍ അടുത്തറിയാനുള്ള അവസരമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഭാരതത്തതിന്റെ അനന്തമായ സംഗീത പാരമ്പര്യം ലോകത്തിന് മുന്നില്‍ കാഴ്ച വയ്ക്കുന്നതിനായി ഗന്ധര്‍വ്വ ആരാധ്യ സംഘത്തിന്റെ ‘ ഭാരത് വാദ്യ ദര്‍ശനം’ (മ്യൂസിക്കല്‍ ജേര്‍ണി ഓഫ് ഇന്ത്യ) എന്ന സംഗീത വിരുന്നും ഉണ്ടായിരിക്കുന്നതാണ്.

أحدث أقدم