എലിസബത്ത് രാജ്ഞിയെ ആദരിക്കാന്‍ 180 കോടി രൂപയുടെ നാണയം നിര്‍മ്മിച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി; ലോകത്തിലെ ഏറ്റവും വില കൂടിയ കോയിനില്‍ നാല് കിലോ സ്വര്‍ണ്ണവും 6000ലേറെ രത്‌നങ്ങളും



യു .കെ.:  എക്കാലത്തേയും ഏറ്റവും വിലപിടിപ്പുള്ള നാണയം എന്ന് കരുതുന്ന, 4 കിലോഗ്രാം സ്വര്‍ണ്ണത്തില്‍, 6,246 ല്‍ഏറെ രത്‌നങ്ങളുമായി തീര്‍ത്ത നാണയം പുറത്തിറക്കി. എലിസബത്ത് രാജ്ഞിയെ ആദരിക്കാനാണ് ഇത് പുറത്തിറക്കിയിരിക്കുന്നത്. ഈസ്റ്റ് ഇന്ത്യാ കമ്പനി രൂപകല്‍പന ചെയ്ത് പുറത്തിറക്കിയ നാണയത്തിന്റെ വില ഏകദേശം 18.47 മില്യന്‍ വരും എന്നാണ് കണക്കാക്കുന്നത്.
കോമണ്‍വെല്‍ത്തിലെ എല്ലാ അംഗരാജ്യങ്ങളില്‍ നിന്നുമുള്ള കരകൗശല വിദഗ്ധരുടെ 16 മാസം നീണ്ടുനിന്ന സ്‌നേഹത്തിന്റെ അദ്ധ്വാനമാണിതെന്നാണ് കമ്പനി പറയുന്നത്. നാണയത്തിന്റെ വലിപ്പവും, നിലവില്‍ ആഗോളതലത്തില്‍ തന്നെ അനുഭവപ്പെടുന്ന രത്‌നങ്ങളുടെ ക്ഷാമവും കാരണം പലരും ഈ പദ്ധതി തീര്‍ത്തും അസാദ്ധ്യമാകും എന്നാണ് കരുതിയിരുന്നത്.
നിലവില്‍ ലോകത്തിലെ ഏറ്റവും വിലകൂടിയ നാണയം 2021 ല്‍ ലേലത്തില്‍ വിറ്റ 15.17 മില്യന്‍ പൗണ്ടിന്റെ ഡബിള്‍ ഈഗിള്‍ നാണയമാണ്. ഇപ്പോള്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ പുതിയ നാണയം വില്‍പനക്ക് വയ്ക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഒരു ബാസ്‌ക്കറ്റ് ബോളിന്റെ വലിപ്പമുള്ള ഈ നാണയത്തില്‍ അന്തരിച്ച എലിസബത്ത് രാജ്ഞിയുടെ വിവിധ ചിത്രങ്ങള്‍ ആലേഖനം ചെയ്തിട്ടുണ്ട്. മറ്റൊരു ചിത്രം നാണയത്തിന്റെ പിന്‍ഭാഗത്തും ആലേഖനം ചെയ്തിട്ടുണ്ട്.
തികഞ്ഞ കലാവൈഭവത്തോടെയാണ് നാണയം നിര്‍മ്മിച്ചിരിക്കുന്നത്. നാണയത്തിന്റെ രൂപകല്‍പനയുമായി പൊരുത്തപ്പെട്ട് പോകുന്നതിനായി ഓരോ രത്‌നവും പ്രത്യേകം പ്രത്യേകം അതാത് ഇടങ്ങളില്‍ സ്ഥാപിക്കുകയായിരുന്നു. ഒപ്പം പാറിപ്പറക്കുന്ന ബ്രിട്ടീഷ് യൂണിയന്‍ ജാക്കും നാണയത്തില്‍ കാണാം. ഇതിന്റെ നിര്‍മ്മാതാക്കളായ ഈസ്റ്റ് ഇന്ത്യാ കമ്പനി, 1600-ല്‍ ആദ്യ എലിസബത്ത് രാജ്ഞിയുടെ കാലത്തായിരുന്നു രാജകുടുംബത്തിന്റെ രക്ഷകര്‍തൃത്വം സ്വീകരിച്ചത്.
ഭൂമിയുടെ പൂര്‍വ്വാര്‍ദ്ധ ഗോളത്തിലെ രാജ്യങ്ങളില്‍ നിന്നുള്‍ല സുഗന്ധവ്യഞ്ജനങ്ങള്‍, തേയില കാപ്പി, മറ്റ് ആഡംബര വസ്തുക്കള്‍ എന്നിവയുടെ വ്യാപാരമായിരുന്നു കമ്പനിയുടെ പ്രധാന പ്രവര്‍ത്തന മേഖല. ഏകദേശം 300 വര്‍ഷത്തോളം പ്രവര്‍ത്തിച്ച കമ്പനി പിന്നീട് 1874-ല്‍ പ്രവര്‍ത്തനം നിര്‍ത്തുകയായിരുന്നു. ഇന്ത്യയില്‍ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് വഴിതെളിച്ച ഈസ്റ്റ് ഇന്ത്യാ കമ്പനിയെ പിന്നീട് 2005-ല്‍ ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് വ്യവസായ സഞ്ജീവ് മേത്ത വാങ്ങുകയായിരുന്നു.
أحدث أقدم