വ്യാജമായി നിർമിച്ചത് 2 ലക്ഷം ആധാർ, വോട്ടർ, പാൻ കാർഡുകൾ; വില്‍പന 5മുതൽ 200 രൂപക്ക് വരെ, ഞെട്ടി ഗുജറാത്ത് പൊലീസ്



സൂറത്ത്: ​ഗുജറാത്തിൽ പൊലീസിനെ ഞെട്ടിച്ച് വ്യാജ രേഖാ നിർമാണം. ആധാർ കാർഡുകൾ, വോട്ടർ ഐഡി കാർഡുകൾ, പാൻ കാർഡ് തുടങ്ങിയ പ്രധാന രേഖകൾ വ്യാജമായി നിർമിച്ച് കുറഞ്ഞ വിലക്ക് വിൽക്കുന്ന സംഘത്തിലെ പ്രധാനികളെ ​ഗുജറാത്ത് പൊലീസ് പിടികൂടി. രണ്ടുപേരെയാണ് പൊലീസ് പിടികൂടിയത്. രണ്ട് ലക്ഷത്തോളം വ്യാജ രേഖകൾ നിർമിച്ച് രാജ്യത്താകമാനം വിതരണം ചെയ്തതായാണ് പൊലീസ് സംശയിക്കുന്നത്. കുറ്റവാളികളുടെ പ്രവൃത്തി രാജ്യസുരക്ഷയെ ബാധിക്കുന്നതാണെന്നും പൊലീസ് പറഞ്ഞു. ​

കസ്റ്റഡിയിലുള്ള രണ്ട് പേരിൽ നിന്ന് ലഭിച്ച വിവരമനുസരിച്ച് ഇവർ രണ്ട് ലക്ഷം വ്യാജ രേഖകൾ നിർമിച്ച് 15 രൂപ മുതൽ 200 രൂപക്ക് വരെ വിൽപന നടത്തിയെന്ന് പൊലീസ് ഉദ്യോ​ഗസ്ഥർ പറഞ്ഞു. സർക്കാർ വെബ്സൈറ്റുകളിൽ നുഴഞ്ഞുകയറിയാണ് ഇവർ വ്യാജരേഖകൾ നിർമിച്ചത്. പിടിയിലായവരിൽ ഒരാൾ രാജസ്ഥാൻ ​ഗം​ഗാന​ഗർ സ്വദേശിയായായ സോംനാഥ് പ്രമോദ്കുമാറാണെന്നും മറ്റെയാൾ ഉത്തർപ്രദേശ് ഉന്നാവോ സ്വദേശിയായായ പരംവീൻ സിൻഹ് താക്കൂറാണെന്നും പൊലീസ് വ്യക്തമാക്കി. ഇവർ വ്യാജരേഖ റാക്കറ്റിന്റെ കണ്ണികളാണെന്നും പൊലീസ് പറഞ്ഞു. പരംവീൻ സിൻഹ് താക്കൂറിന്റെ പേരിലാണ് വ്യാജരേഖകൾ നിർമിക്കുന്ന വെബ്സൈറ്റ് രജിസ്റ്റർ ചെയ്തത്. മൂന്ന് വർഷമായി വെബ്സൈറ്റ് പ്രവർത്തനം ആരംഭിച്ചിട്ട്. രണ്ട് വർഷമായി ഇവർ വ്യാജരേഖകൾ നിർമിക്കുകയാണ്.

പ്രധാന പ്രതിയായ സോംനാഥ് അഞ്ചാം ക്ലാസ് വരെയെ പഠിച്ചിട്ടുള്ളൂ. ഇയാൾക്ക് മറ്റുള്ളവരിൽ നിന്ന് സാങ്കേതിക സഹായം ലഭിച്ചിരിക്കാമെന്നും പൊലീസ് പറഞ്ഞു. സർക്കാർ വെബ്സൈറ്റുകളിൽ കയറി വിവരങ്ങൾ മോഷ്ടിച്ചത് അതീവ ​ഗുരുതരമായിട്ടാണ് പൊലീസ് കാണുന്നത്. നേരത്തെ  വ്യാജ രേഖ ഉപയോ​ഗിച്ച് ബാങ്ക് ലോൺ തരപ്പെടുത്തുന്ന സംഘത്തിലെ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽ നിന്നാണ് സംഘം വ്യാജരേഖകൾ സമർപ്പിച്ച് വായ്പയെടുത്ത് മുങ്ങിയത്.
أحدث أقدم