യുകെ: യുകെയില്‍ ഡ്രൈവിംഗിനിടെ മൊബൈല്‍ ഉപയോഗിച്ചാലുള്ള നിയമലംഘനം തന്നെ സ്മാര്‍ട്ട് വാച്ചുകളുടെ കാര്യത്തിലും. ഡ്രൈവിംഗിനിടെ സ്മാര്‍ട്ട് വാച്ചിലേക്ക് നോക്കിയാല്‍ പോലും 200 പൗണ്ട് പിഴയും ആറ് പെനാല്‍റ്റി പോയിന്റുകളും ലഭിക്കാം. രാജ്യത്തെ 13 ശതമാനത്തോളം ഡ്രൈവര്‍മാര്‍ ഈ കുറ്റം ചെയ്യുന്നവരാണെന്നാണ് പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നത്.
ഇതിനാല്‍ വണ്ടിയോടിക്കുമ്പോള്‍ സ്മാര്‍ട്ട് വാച്ചിലേക്ക് നോക്കുന്നവര്‍ ഇക്കാര്യമോര്‍ത്താല്‍ പിഴയില്‍ നിന്ന് രക്ഷപ്പെടാമെന്നാണ് വെഹിക്കിള്‍ ബ്രോക്കര്‍ കമ്പനിയായ സ്‌ക്രാപ്പ് കാര്‍ കംപാനിസന്‍സ് മുന്നറിയിപ്പേകിയിരിക്കുന്നത്. ഇത്തരം നിയമലംഘനങ്ങളില്‍ പെടാതിരിക്കാനായി നാം വണ്ടിയോടിക്കാന്‍ തുടങ്ങുന്നതിന് മുമ്പ് സ്മാര്‍ട്ട് വാച്ചിലേക്കുള്ള ഇന്റര്‍നെറ്റ് കണക്ഷന്‍ വിച്ഛേദിക്കുന്നതായിരിക്കും ഉചിതമെന്നാണ് ഈ കമ്പനിയുടെ ഓപ്പറേഷന്‍സ് മാനേജരായ ഡേവിഡ് കോട്ട്വന്‍ ഏവരെയും ഓര്‍മിപ്പിക്കുന്നത്.
ഹൈവേ കോഡ് പ്രകാരം ഒരു സോംഗ് സ്‌കിപ്പ് ചെയ്യുന്നതിനും ഒരു കോള്‍ കട്ട് ചെയ്യാനും സ്മാര്‍ട്ട് വാച്ചില്‍ തൊടുന്നത് ഫൈന്‍ ചുമത്താന്‍ പര്യാപ്തമായ കുറ്റമാണ്. ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് മേല്‍ ചുമത്തുന്ന തരത്തിലുള്ള പിഴ തന്നെയാണ് ഇത്തരം അവസരങ്ങളില്‍ സ്മാര്‍ട്ട് വാച്ച് ഉപയോഗിക്കുന്നവര്‍ക്ക് മേലും ചുമത്തുന്നതെന്ന് വിദഗ്ധര്‍ മുന്നറിയിപ്പേകുന്നു. വളയം പിടിക്കുന്നതിനിടെ സ്മാര്‍ട്ട് വാച്ച് ഉപയോഗിക്കുന്നവര്‍ക്ക് മേല്‍ പോലീസിന് 200 പൗണ്ട് പിഴയും ആറ് പെനാല്‍റ്റി പോയിന്റുകളുമാണ് ചുമത്താന്‍ സാധിക്കുന്നത്.