പുതിയ നിപ ഔട്ട്‌ബ്രേക്ക് 2018നെക്കാള്‍ വ്യത്യസ്തം; മുന്‍കരുതലുകള്‍ പെട്ടന്ന് സ്വീകരിക്കണമെന്ന് ഡോ. എ.എസ് അനൂപ്



കോഴിക്കോട്: 2018ല്‍ കേരളത്തില്‍ സ്ഥിരീകരിച്ച നിപയെക്കാള്‍ വ്യത്യസ്തമാണ് ഇത്തവണ സ്ഥിരീകരിച്ചിരിക്കുന്നതെന്ന് ഡോ എ എസ് അനൂപ്. 2018ല്‍ കോഴിക്കോട് ജില്ലയില്‍ നിപ വൈറസ് സ്ഥിരീകരിച്ച സമയത്ത് നേതൃനിരയിലുണ്ടായിരുന്ന ആരോഗ്യപ്രവര്‍ത്തകനാണ് ഡോ അനൂപ്. 2018ലെ അനുഭവത്തിന്റെ വെളിച്ചത്തിലാണ് ഇത്തവണ ആദ്യം തന്നെ ജാഗ്രത പുലര്‍ത്താന്‍ സാധിച്ചത്. 2018, 2019, 2020 ഔട്ട്‌ബ്രേക്കുകളിലേക്കാള്‍ ഇത്തവണ വ്യത്യാസമുണ്ടെന്നും ഡോ അനൂപ് എ എസ് . 2018ല്‍ രോഗം സ്ഥിരീകരിച്ചപ്പോള്‍, അന്ന് രോഗികളുടെ തലച്ചോറിനെ ബാധിക്കുന്ന ലക്ഷണങ്ങളായിരുന്നു. ഇത്തവണ അത് കൊവിഡിന് സമാനമായി, ശ്വാസകോശത്തെ ബാധിക്കുന്ന ന്യൂമോണിയ പോലെയാണ്. തലച്ചോറിനെ ബാധിക്കുന്ന എന്‍സഫലൈറ്റിസ് രോഗവുമായി വരുന്നവരുടെ എണ്ണം പൊതുവെ കുറവായതുകൊണ്ട് രോഗം കണ്ടെത്തുക താരതമ്യേന എളുപ്പമായിരുന്നു. ഇത്തവണ രോഗനിര്‍ണയം അത്ര എളുപ്പമായിരിക്കില്ല, കാരണം സാധാരണ ചുമയും പനിയുമൊക്കെ ആയി വരുന്ന ആളുകള്‍ ചികിത്സ തേടുന്നത് പൊതുവെ കുറവാണ്. കൂടുതല്‍ പേര്‍ ഇവരുടെ സമ്പര്‍ക്കപ്പട്ടികയിലുമുണ്ടാകും. സാധാരണ രോഗലക്ഷണങ്ങളായാണ് ഇവര്‍ എടുക്കുക. നിപ ബാധയുടെ ശരാശരിമരണനിരക്ക് 70 ശതമാനത്തിനടുത്താണ്. അതുകൊണ്ടുതന്നെ എല്ലാ മുന്‍കരുതലുകളും പെട്ടന്ന് എടുക്കണം’. ഡോ എ എസ് അനൂപ് പറഞ്ഞു. കോഴിക്കോട് ജില്ലയില്‍ കഴിഞ്ഞ ദിവസമുണ്ടായ മരണങ്ങള്‍ നിപ ബാധമൂലമുണ്ടെന്ന് പരിശോധനയില്‍ കണ്ടെത്തി. കേരളത്തില്‍ നിപ ബാധ സ്ഥിരീകരിച്ചെന്നും സംസ്ഥാന ആരോഗ്യ മന്ത്രിയുമായി സംസാരിച്ചെന്നും കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി മണ്‍സുഖ് മാണ്ഡവ്യ ആണ് അറിയിച്ചത്. പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന സ്രവ പരിശോധനയ്ക്ക് ശേഷമാണ് കേരളത്തില്‍ നിപ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി അറിയിച്ചത്. സ്ഥിരീകരണം പുറത്തുവന്നോടെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്രസംഘം കേരളത്തിലേക്ക് തിരിച്ചു. ആഗസ്റ്റ് 30നാണ് പനി ബാധിക്കപ്പെട്ട് സ്വകാര്യ ആശുപത്രിയിലായിരുന്ന ഒരാള്‍ മരിച്ചത്. ഇന്നലെയാണ് മറ്റൊരു മരണവും സ്ഥിരീകരിച്ചത്. 49,40 എന്നീ വയസുകളിലുള്ള രണ്ട് പുരുഷന്മാരാണ് മരിച്ചത്. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നവരെ ആരോഗ്യവകുപ്പ് നിരീക്ഷിച്ചുവരികയാണ്.

أحدث أقدم