തിരുവനന്തപുരം : കോൺഗ്രസ് പ്രവർത്തക സമിതി തെരഞ്ഞെടുപ്പിലെ അതൃപ്തി പരസ്യമാക്കി രമേശ് ചെന്നിത്തല. പ്രവർത്തക സമിതി പ്രഖ്യാപിച്ചപ്പോൾ മാനസിക സംഘർഷമുണ്ടായെന്ന് രമേശ് ചെന്നിത്തല വാർത്താ സമ്മേളനത്തിൽ പറഞ്ഞു. തെരഞ്ഞെടുപ്പിൽ ചില പൊരുത്തക്കേടുകൾ തോന്നി, രണ്ടു പതിറ്റാണ്ട് മുൻപ് ലഭിച്ച അതേ പദവിയിൽ തന്നെ വീണ്ടും നിയമിച്ചപ്പോഴാണ് അസ്വാഭാവിക തോന്നിയത്.
പാർട്ടി മുമ്പ് ഒരുപാട് ഉത്തരവാദിത്തങ്ങളും പദവികളും നൽകിയിട്ടുണ്ട്. പക്ഷേ കഴിഞ്ഞ 2 വർഷമായി ഒരു പാർട്ടി പദവിയിലുമില്ല. എന്നിട്ടും സംസ്ഥാനത്തെ ഇടത് സർക്കാരിനെതിരായ പോരാട്ടത്തിന് ഞാൻ നേതൃത്വം നൽകി. ഒരു പദവിയും ഇല്ലെങ്കിലും അത് തുടരും. പ്രവർത്തക സമിതിയുമായി ബന്ധപ്പെട്ട് പറയാനുള്ളത് ഹൈക്കമാൻഡിനെ അറിയിക്കാനാണ് തീരുമാനം. പുറത്തുപറഞ്ഞു പാർട്ടിയെ പ്രതിസന്ധിയിലാക്കില്ല. പാർട്ടിക്കുള്ളിൽ പറയും.
നേരത്തെ പ്രതിപക്ഷ നേതാവ് സ്ഥാനം നഷ്ടപ്പെട്ടതിലായിരുന്നില്ല. അത് കൈകാര്യം ചെയ്ത രീതിയിലായിരുന്നു പ്രശ്നം. അതിൽ ആരോടും പരാതിയോ പരിഭവമോ പറഞ്ഞിട്ടില്ല. ഇതിന്റെ പിന്നാലെയാണ് പ്രവർത്തകസമിതി തെരഞ്ഞെടുപ്പിലും അവഗണനയുണ്ടായത്. കാര്യങ്ങൾ മറച്ചുവയ്ക്കുന്നില്ല. വിഷമം ഉണ്ടായി എന്നത് സത്യമാണ്. പ്രതീക്ഷിക്കാത്ത ഒരു കാര്യം കേൾക്കുമ്പോൾ വികാരവിക്ഷോഭം ഉണ്ടായെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.