പന്നിയുടെ വൃക്ക മനുഷ്യശരീരത്തിൽ 2 മാസത്തോളം പ്രവർത്തിച്ചു. മസ്തിഷ്‌ക മരണം സംഭവിച്ച ഒരാളുടെ ഉള്ളിലാണ് പന്നിയുടെ കിഡ്‌നി രണ്ട് മാസത്തോളം പ്രവർത്തിച്ചത്. NYU ലാങ്കോൺ ഹെൽത്തിലെ ട്രാൻസ്‌പ്ലാന്റ് സർജൻ ഡോ. റോബർട്ട് മോണ്ട്‌ഗോമറിയുടെ നേതൃത്വത്തിൽ നടത്തിയ പരീക്ഷണം ബുധനാഴ്ച അവസാനിച്ചു. പന്നിയുടെ വൃക്ക നീക്കം ചെയ്യുകയും മൃതദേഹം സംസ്‌കരിക്കുന്നതിനായി കുടുംബത്തിന് തിരികെ നൽകുകയും ചെയ്തു.ജനിതകമാറ്റം വരുത്തിയ പന്നിയുടെ വൃക്ക മനുഷ്യനുള്ളിൽ പ്രവർത്തിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും ദൈർഘ്യമേറിയ കാലയളവാണിത്. യുഎസിന്റെ അവയവ ദൗർലഭ്യം പരിഹരിക്കുന്നതിന് മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് മാറ്റിവയ്ക്കുന്ന പരീക്ഷണം നിർണായകമാണെന്ന് കരുതുന്നു. 1,00,000-ത്തിലധികം ആളുകൾ നിലവിൽ അവയവങ്ങൾക്കായുള്ള വെയിറ്റിംഗ് ലിസ്റ്റിലാണ്. അവരിൽ ഭൂരിഭാഗത്തിനും വൃക്ക ആവശ്യമാണ്.പന്നിയുടെ വൃക്ക എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് നിരീക്ഷിക്കാൻ മില്ലർ എന്ന വ്യക്തിയുടെ ശരീരം രണ്ട് മാസത്തോളം വെന്റിലേറ്ററിൽ സൂക്ഷിച്ചായിരുന്നു പരീക്ഷണം. ക്യാൻസർ ബാധിച്ച് അവയവങ്ങൾ ദാനം ചെയ്യാൻ കഴിയാതെ മില്ലർ കുഴഞ്ഞുവീഴുകയും മസ്തിഷ്ക മരണം സംഭവിക്കുകയും ചെയ്തു.
ജൂലൈ 14-ന്, അദ്ദേഹത്തിന്റെ 58-ാം ജന്മദിനത്തിന് തൊട്ടുമുമ്പ്, ശസ്ത്രക്രിയാ വിദഗ്ധർ മില്ലറുടെ സ്വന്തം വൃക്കകൾക്ക് പകരം ഒരു പന്നിയുടെ വൃക്കയും മൃഗങ്ങളുടെ തൈമസ് എന്ന ഗ്രന്ഥിയും വെച്ചു. ആദ്യത്തെ ഒരു മാസം കിഡ്‌നി ഒരു കുഴപ്പവുമില്ലാതെ പ്രവർത്തിച്ചു. പിന്നീട് ഡോക്ടർമാർ മൂത്രത്തിന്റെ ഉത്പാദനത്തിൽ നേരിയ കുറവ് ശ്രദ്ധിച്ചു. പ്രതിരോധശേഷി കുറയ്ക്കുന്ന മരുന്നുകളിൽ മാറ്റം വരുത്തിക്കൊണ്ട് ഇത് വിജയകരമായി ചികിത്സിച്ചു. മൃഗങ്ങളുടെ അവയവങ്ങൾ മനുഷ്യരിലേക്ക് മാറ്റിവയ്ക്കൽ, സീനോട്രാൻസ്പ്ലാന്റേഷന്റെ ഭാവിയെക്കുറിച്ച് ഈ പരീക്ഷണം പ്രതീക്ഷ ഉയർത്തി.