പത്തനംതിട്ട സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ സിപിഎം കള്ളവോട്ട് : എസ്എഫ്ഐ ജില്ലാ സെക്രട്ടറി വോട്ടുചെയ്തത് 5 തവണ


പത്തനംതിട്ട : പത്തനംതിട്ട സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ കളളവോട്ട് ആരോപണം. സിപിഎം അനുകൂലികൾ കള്ളവോട്ട് ചെയ്തെന്ന് യുഡിഎഫ് ആരോപിച്ചു. സിപിഎം അനുകൂലികൾ കള്ളവോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നു. എസ്എഫ്ഐ ജില്ലാ സെക്രട്ടറി കെ എസ് അമലും കള്ളവോട്ട് ചെയ്യുന്നത് വീഡിയോ ദൃശ്യങ്ങളിലുണ്ട്. 
കഴിഞ്ഞ ഞായറാഴ്ചയാണ് പത്തനംതിട്ട നഗര പരിധിയിലെ സഹകരണ ബാങ്കിൽ വോട്ടെടുപ്പ് നടന്നത്. നഗര പരിധിയിലുള്ളവർക്കാണ് വോട്ടവകാശമുണ്ടായിരുന്നത്. എന്നാൽ തിരുവല്ലയിൽ താമസിക്കുന്ന അമൽ ഇവിടെയെത്തി വോട്ട് ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. അമൽ അഞ്ച് തവണ വോട്ട് ചെയ്യുന്നത് ദൃശ്യങ്ങളിലുണ്ട്. 
എന്നാൽ ആക്ഷേപം അടിസ്ഥാനരഹിതമാണെന്നും ബാങ്ക് ഇലക്ഷൻ പ്രവർത്തനങ്ങൾക്ക് മാത്രമാണെത്തിയതെന്നും അമലിന്റെ ആദ്യ വിശദീകരണം. ഇത് തള്ളുന്ന വീഡിയോ ദൃശ്യങ്ങളാണ് ഏറ്റവും ഒടുവിൽ പുറത്ത് വന്നത്. പത്തനംതിട്ട സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ യുഡിഎഫാണ് വിജയിച്ചത്. എൽഡിഎഫ് ഒരു സീറ്റിൽ മാത്രം വിജയിച്ചു. ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പിനിടെ ഇരുവിഭാഗങ്ങളും തമ്മിൽ സംഘർഷമുണ്ടായിരുന്നു. പിന്നാലെയാണ് കള്ളവോട്ട് ആരോപണമുയർന്നത്. വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ യുഡിഎഫ് കള്ളവോട്ട് ചെയ്തെന്നാരോപിച്ച് എൽഡിഎഫും രംഗത്തെത്തി.
أحدث أقدم