നിപ ജീവൻ കവർന്നത് ഖത്തറിലേക്ക് മടങ്ങുന്നതിനു തൊട്ടുമുൻപ്; മൃതദേഹം ഖബറടക്കിയത് പ്രോട്ടോക്കോൾ പാലിച്ച്

 


കോഴിക്കോട്: നിപ ബാധിച്ചു മരിച്ച ആയഞ്ചേരി മംഗലാട് മമ്പളിക്കുനി ഹാരിസ് (40)ന് കടമേരി ജുമാമസ്ജിദ് ഖബറിസ്ഥാനില്‍ അന്ത്യവിശ്രമം(Nipah Death). ചൊവ്വാഴ്ച രാത്രി 12.30നായിരുന്നു നിപാ പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടുള്ള ഖബറടക്കം നടന്നത്. സെപ്റ്റംബര്‍ 11ന് സ്വകാര്യ ആശുപത്രിയില്‍ മരിച്ച ഹാരിസിനു നിപ സംശയിച്ചിരുന്നതിനാല്‍ സാമ്പിള്‍ പൂനെ എന്‍ഐവിയിലേക്ക് അയച്ചിരുന്നു. പരിശോധനാഫലം ലഭിച്ചശേഷമേ സംസ്‌കാരം നടത്താനാകുയെന്ന് ബന്ധുക്കളെ അറിയിക്കുകയും ചെയ്തു.



നിപ പോസിറ്റീവാണെന്നുള്ള പരിശോധനാഫലം ലഭിച്ചതിനു പിന്നാലെയാണ് ഖബറടക്കത്തിനുള്ള നടപടികള്‍ ആരംഭിച്ചത്. പത്തുമണിയോടെ കോഴിക്കോട്ടുനിന്ന് മൃതദേഹം നാട്ടിലേക്കു കൊണ്ടുപോയി. കോഴിക്കോട് കോര്‍പറേഷനിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ വികെ പ്രമോദ്, ബിജു ജയറാം, പിഎസ് ഡെയ്‌സണ്‍, ഷമീര്‍, ഇന്‍സാഫ് എന്നിവരടങ്ങിയ ടീമാണ് മൃതദേഹം ഏറ്റുവാങ്ങിയത്. പ്രോട്ടോക്കോള്‍ പ്രകാരമുള്ള ഖബറടക്കത്തിനും ഇവര്‍ തന്നെയാണ് നേതൃത്വം നല്‍കിയത്. പ്രദേശവാസികളായ നാലു വോളണ്ടിയര്‍മാരും സഹായത്തിനുണ്ടായിരുന്നു. അവധികഴിഞ്ഞ് ഖത്തറിലെ ജോലിസ്ഥലത്തേക്കു മടങ്ങാന്‍ നാലുദിവസം ബാക്കിനില്‍ക്കെയാണ് ഹാരിസിനെ നിപയിലുടെ മരണം കവര്‍ന്നത്. ഖത്തറില്‍ ഇലക്ട്രീഷനായ ഹാരിസ് മൂന്നുമാസമായി നാട്ടിലുണ്ട്. 15ന് മടങ്ങിപ്പോകാനിരിക്കെയാണ് രോഗബാധിതനാകുന്നത്. കഴിഞ്ഞമാസം എട്ടുമുതലാണ് ഇയാൾക്ക് പനി അനുഭവപ്പെട്ടിരുന്നത്. നാട്ടിലെ രണ്ട് പിഎച്ച്‌സികളിലായി മൂന്നുതവണ ചികിത്സ തേടി. എന്നിട്ടും ശമനമുണ്ടാകാത്തതിനെത്തുടര്‍ന്ന് വടകര ജില്ലാ ആശുപത്രിയിലും ചികിത്സ തേടി. തുടര്‍ന്നും പനി വിട്ടുമാറാത്തെ വന്നതോടെ സഹകരണ ആശുപത്രിയിലെ ഫിസിഷ്യനെ കാണിച്ചു. ഇവിടെ നിന്നാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കു പോയത്. അപ്പോഴേക്കും രോഗം ഗുരുതരാവസ്ഥയിലെത്തിയിരുന്നു. ചികിത്സയിലിരിക്കേ സെപ്റ്റംബര്‍ 11നായിരുന്നു ഹാരിസിൻ്റെ മരണം.
أحدث أقدم