കോട്ടയം: ശബരിമലയിലേക്കുള്ള വിദേശ തീർഥാടകരുടെ വരവ് വേഗത്തിലാക്കാനായി നിർമിക്കുന്ന അന്താരാഷ്ട്ര വിമാനത്താവള പദ്ധതിയുമായി മുന്നോട്ടുപോകുകയാണ് സർക്കാർ. വിമാനത്താവളത്തിന് അനുയോജ്യമെന്നു കണ്ടെത്തിയ ചെറുവള്ളി എസ്റ്റേറ്റ് ഭൂമിക്കുപുറമെ റൺവേയുടെ നീളം ഉറപ്പുവരുത്താനായി സ്വകാര്യവ്യക്തികളുടെ ഭൂമിയും ഏറ്റെടുക്കാനാണ് നീക്കം. വൻതോതിൽ പ്രവാസി മലയാളികളുള്ള ഈ മേഖലയിൽ വിമാനത്താവളം ലാഭകരമാകുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന സർക്കാർ. മലയോരമേഖലയോടു ചേർന്ന് സ്ഥിതിചെയ്യുന്ന വിമാനത്താവളത്തിലേക്കുള്ള യാത്ര എളുപ്പമാക്കാനായി പ്രദേശത്തെ റോഡുകളും വികസിപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നത്.
ശബരിമല തീർഥാടകർക്കു പുറമെ ഗൾഫ് മേഖലയിൽ നിന്നടക്കമുള്ള പ്രവാസികൾക്കും വിമാനത്താവളം പ്രയോജനം ചെയ്യുമെന്നാണ് കരുതപ്പെടുന്നത്. കോട്ടയത്തിനു പുറമെ, ഇടുക്കി, പത്തനംതിട്ട, കൊല്ലം ജില്ലകളിൽ നിന്നുള്ളവർക്കും ശബരിമല വിമാനത്താവളം പ്രയോജനപ്പെടും. ഈ സാഹചര്യത്തിലാണ് വിമാനത്താവളത്തോടു ചേർന്നുവരുന്ന പ്രധാന റോഡുകളും വികസിപ്പിക്കാൻ പദ്ധതിയൊരുങ്ങുന്നത്. കൊച്ചി വിമാനത്താവളത്തിൽ എത്തുന്ന 40 ശതമാനം യാത്രക്കാരും തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുന്ന 60 ശതമാനം യാത്രക്കാരും പുതിയ വിമാനത്താവളത്തിൻ്റെ 30 കിലോമീറ്റർ ചുറ്റളവിൽ നിന്നുള്ളവരാണ് എന്നാണ് കണക്കുകൾ. ഈ സാഹചര്യത്തിലാണ് എരുമേലിയിലും പരിസരത്തുമുള്ള പ്രധാന റോഡുകൾ വികസിപ്പിക്കുന്നത്.ദേശീയപാതാ അതോരിറ്റി നിർമിക്കുന്ന അങ്കമാലി - പുളിമാത്ത് ഗ്രീൻഫീൽഡ് ഹൈവേ പുതിയ വിമാനത്താവളത്തിനു തൊട്ടടുത്തുകൂടിയാണ് കടന്നുപോകുക. ഇതിനു പുറമെ രണ്ട് സംസ്ഥാനപാതകളും അഞ്ച് വലിയ പൊതുമരാമത്ത് റോഡുകളും ഈ പരിസരത്തുകൂടി കടന്നുപോകുന്നുണ്ട്. വിമാനത്താവളം യാഥാർഥ്യമാകുന്നതോടൊപ്പം ഈ റോഡുകളിലെല്ലാം വാഹനത്തിരക്കേറാൻ സാധ്യതയുണ്ട്. ഇതോടൊപ്പം, വിമാനത്താവളത്തോട് അനുബന്ധിച്ചു വരുന്ന വാണിജ്യസ്ഥാപനങ്ങളും തിരക്ക് വർധിപ്പിക്കാൻ കാരണമാകും.
കൊച്ചിയെയും തിരുവനനന്തപുരത്തെയും നേരിട്ടു ബന്ധിപ്പിക്കുന്ന അങ്കമാലി - പുളിമാത്ത് ഗ്രീൻഫീൽഡ് ദേശീയപാത നിലവിൽ പദ്ധതിഘട്ടത്തിലാണ്. ഈ പദ്ധതിക്ക് കേന്ദ്ര പരിസ്ഥിതിമന്ത്രാലയത്തിൻ്റെ അനുമതിയും ലഭിച്ചിട്ടുണ്ട്. മധ്യകേരളത്തിലൂടെ കടന്നുപോകുന്ന ഈ പുതിയ ഹൈവേ അഞ്ച് ജില്ലകളെയാണ് കോർത്തിണക്കുന്നത്. ഇതോടെ കോതമംഗലം, തൊടുപുഴ, കാഞ്ഞിരപ്പള്ളി, കടയ്ക്കൽ, പത്തനാപുരം തുടങ്ങിയ മേഖലകളിൽനിന്ന് അതിവേഗം പുതിയ വിമാനത്താവളത്തിലേക്ക് എത്താം. ഇരുവശത്തും സർവീസ് റോഡുകൾ ഉൾപ്പെടെ നാലുവരിയോ ആറുവരിയോ ആയി പുതിയ റോഡ് വികസിപ്പിക്കാനാണ് പദ്ധതിയിടുന്നത്. കൊച്ചി വിമാനത്താവള പരിസരത്തുനിന്നാണ് പുതിയ ഹൈവേ ആരംഭിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. പുതിയ ഹൈവേ യാഥാർഥ്യമാകുന്നതോടെ രണ്ട് വിമാനത്താവളങ്ങളും തമ്മിലുള്ള ദൂരം ഒന്നര മണിക്കൂറിൽ താഴെയാകും. ഇതോടെ യാത്രക്കാർക്ക് തെരഞ്ഞെടുക്കാൻ തുല്യദൂരത്തിൽ രണ്ട് വിമാനത്താവളങ്ങൾ എന്ന സ്ഥിതിയും ഉണ്ടാകും.
ഇതോടൊപ്പം പദ്ധതിപ്രദേശത്തിൻ്റെ തൊട്ടടുത്തുകൂടി കടന്നുപോകുന്ന രണ്ട് പൊതുമരാമത്ത് റോഡുകളുടെ ദിശ മാറ്റാനും സർക്കാരിന് പദ്ധതിയുണ്ട്. നിലവിൽ വിമാനത്താവള ഭൂമിയിലൂടെയാണ് ഈ റോഡുകൾ കടന്നുപോകുന്നത്. പുതിയ അങ്കമാലി - പുളിമാത്ത് റോഡിൻ്റെ ചില ഭാഗങ്ങൾ നിലവിലെ പുനലൂർ - മൂവാറ്റുപുഴ റോഡിലൂടെയാണ് കടന്നുപോകുക. ഈ ഭാഗങ്ങൾ നാലുവരിയായി വികസിക്കും. എങ്കിലും, ശേഷിക്കുന്ന ഭാഗങ്ങളും മികച്ച നിലവാരത്തിൽ വികസിപ്പിക്കേണ്ടതുണ്ട്.
റാന്നിക്കു സമീപത്ത് പൊന്തൻപുഴ വനേഖലയിലേക്ക് തിരിയുന്ന ഗ്രീൻഫീൽഡ് ദേശീയപാത ചെറുവള്ളി എസ്റ്റേറ്റിനു തൊട്ടടുത്തുകൂടിയാണ് കടന്നുപോകുക. ദീർഘദൂരയാത്രക്കാർക്ക് വിമാനത്താവളത്തിലേക്ക് എത്താനുള്ള ഏറ്റവും എളുപ്പമുള്ള മാർഗവും ഈ ഹൈവേയായിരിക്കും. ഇതോടൊപ്പം ജനവാസമേഖലകളെ കോർത്തിണക്കുന്ന പുനലൂർ - മൂവാറ്റുപുഴ റോഡ് പ്രദേശവാസികൾക്കും പ്രയോജനം ചെയ്യും. ഇതോടൊപ്പം കൊല്ലം ഭരണിക്കാവിൽ നിന്നുതുടങ്ങി വണ്ടിപ്പെരിയാറിൽ അവസാനിക്കുന്ന ദേശീയപാത 183എ യുടെ നിർമാണവും പുരോഗമിക്കുകയാണ്. 10 മീറ്റർ വീതിയിലാണ് ഹൈവേ വികസിപ്പിക്കുന്നത്. പ്രധാന ടൗണുകളിൽ ഉൾപ്പെടെ ബൈപ്പാസുകളുമായി വരുന്ന ദേശീയപാതയുടെ വികസനം പൂർത്തിയാകുന്നതോടെ ശബരിമല ഇടത്താവളത്തിലേക്കും തീർഥാടകർക്ക് എളുപ്പവഴിയാകും. വികസനത്തിനായി ഭൂമിയേറ്റെടുക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇതോടൊപ്പം എരുമേലി - പമ്പ ശബരിമല റോഡും ദേശീയപാതയുടെ ഭാഗമാകും.
വിമാനത്താവളപരിസരത്തുള്ള കൊരട്ടി - ഒരുങ്കൽത്തടം റോഡിൻ്റെയും കരിമ്പിൻതോട് റോഡിൻ്റെയും നിർമാണവും ഏറെക്കുറെ പൂർത്തിയായിട്ടുണ്ട്. ഇതോടൊപ്പം എരുമേലി - ചേനപ്പാടി റോഡിൻ്റെ നിർമാണവും പുരോഗമിക്കുന്നുണ്ട്.