പത്തനംതിട്ട: വനാതിർത്തിയിൽ വീണ്ടും പുലി ആടിനെ ആക്രമിച്ചുകൊന്നു. ആടിന്‍റെ ജഡം കണ്ടെത്തിയത് അരക്കിലോമീറ്റർ അകലെനിന്ന്. ഇതോടെ പുലിപ്പേടിയിൽ പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലാണ് നാട്ടുകാർ. അരുവാപ്പുലം ഊട്ടുപാറ മേലേമിച്ചഭൂമി കല്ലുമലക്കുഴിയിൽ സദാശിവന്‍റെ മൂന്നുവയസുള്ള ആടിനെയാണ് പുലി കൊന്നത്. കഴിഞ്ഞ ദിവസം രാത്രിയിൽ കൂട്ടിൽനിന്നാണ് ആടിനെ കൊണ്ടുപോയത്.
തൊഴുത്തിൽ രക്തത്തുള്ളികളും വന്യജീവി വലിച്ചുകൊണ്ടു പോയതിന്‍റെ പാടുകളും കണ്ടതിനെതുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് അരക്കിലോമീറ്റർ അകലെ കുറ്റിക്കാട്ടിൽ ആടിന്‍റെ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയത്. ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കാൽപാടുകളും മറ്റും പരിശോധിച്ച് പുലിയാണെന്ന് സ്ഥിരീകരിച്ചു.കനകക്കുന്ന് തുണ്ടിയിൽ കെജെ രാജന്‍റെ വീട്ടുമുറ്റത്തും പുലിയുടെ കാൽപാടുകൾ കണ്ടത് ഭയത്തിന് ഇടയാക്കിയിട്ടുണ്ട്. രണ്ട് കാൽപാടുകൾ കണ്ടതിൽ ഒരെണ്ണം ചെറിയ കാൽപാടും മറ്റൊരു വലിയ കാൽപാടുമാണ് മുറ്റത്തെ മണ്ണിൽ പതിഞ്ഞതായി കാണുന്നത്. ഇതിനാൽ രണ്ട് പുലികൾ ഉള്ളതായാണ് നാട്ടുകാർ പറയുന്നത്. രാവിലെ മുറ്റമടിക്കുന്ന സമയത്താണ് വത്യസ്തമായ തരത്തിലുള്ള കാൽപാടുകൾ കാണുന്നത്. ഉടൻ തന്നെ പാടം ഫോറസ്റ്റ് സ്റ്റേഷനിൽ വിവരം അറിയിച്ചു. ഉടനെത്തിയ വനപാലകർ പരിശോധിച്ച് ഇത് പുലിയുടെ കാൽപാടുകളാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.
അരുവാപ്പുലം പഞ്ചായത്തിലെ 8ാം വാർഡിൽപ്പെടുന്ന ഈ പ്രദേശത്തെ മ്ലാന്തടം മൂക്കംപൊയ്കയിൽ എംപി സുരേന്ദ്രന്‍റെ ആടിനെ കഴിഞ്ഞ ദിവസം പുലി കൊന്നിരുന്നു. കലഞ്ഞൂർ, അരുവാപ്പുലം പഞ്ചായത്തുകളുടെ അതിർത്തിയിൽ പടർന്നിരിക്കുന്ന കുറ്റിക്കാടുകളിൽ പുലിയുണ്ടെന്ന് നാട്ടുകാർ പറയുന്നത്. പുലിയുടെ ശല്യം ഉണ്ടായതോടെ വനം വകുപ്പ് ഇഞ്ചപ്പാറയിലും പാക്കണ്ടത്തും കൂട് സ്ഥാപിച്ചിരുന്നു. എന്നാൽ, ഈ കെണിയിലൊന്നും പുലി വീണില്ല. പന്നിയുടെയും മ്ലാവിന്‍റെയും കുരങ്ങുകളുടെയും മറ്റും ശല്യം പ്രദേശങ്ങളിൽ ഉണ്ടെങ്കിലും പുലിയുടെ ആക്രമണം ഉണ്ടാകുന്നത് സമീപ കാലത്താണെന്നു നാട്ടുകാർ പറയുന്നു.