നിപ: കോഴിക്കോട് ജില്ലയില്‍ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെയും മറ്റന്നാളും അവധി



കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെയും മറ്റന്നാളും അവധി പ്രഖ്യാപിച്ചു. നിപ വൈറസ് വ്യാപന സാധ്യത കണക്കിലെടുത്താണ് തീരുമാനം. അംഗനവാടികള്‍ക്കും മദ്രസകള്‍ക്കും പ്രൊഫഷണല്‍ കോളജുകള്‍ക്കും ഉള്‍പ്പെടെ അവധി ബാധകമാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഓണ്‍ലൈനായി പരീക്ഷ നടത്താം.ജില്ലയില്‍ പത്ത് ദിവസത്തേക്ക് പൊതുപരിപാടികള്‍ നിരോധിച്ചിട്ടുണ്ട്. വെള്ളിയാഴ്ച കോഴിക്കോട് പ്രാദേശിക അവലോകന യോഗം ചേരും. മന്ത്രിമാരായ വീണാ ജോര്‍ജും പി എ മുഹമ്മദ് റിയാസും യോഗത്തില്‍ പങ്കെടുക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഇന്ന് നടത്താനിരുന്ന മന്ത്രിസഭാ യോഗം നാളത്തേക്ക് മാറ്റിവച്ചു.നിപയുടെ പശ്ചാത്തലത്തില്‍ ആരോഗ്യവകുപ്പ് പുതിയ ചികിത്സാ മാര്‍ഗരേഖ പുറത്തിറക്കി. രോഗികളുമായി നേരിട്ട് സമ്പര്‍ക്കമുള്ളവര്‍ക്ക് ക്വാറന്റീന്‍ നിര്‍ബന്ധമാണ്. പനിയുള്ളവര്‍ ആശുപത്രികളില്‍ ചികിത്സ തേടണം. ആശുപത്രികളില്‍ അണുബാധ നിയന്ത്രണ സംവിധാനം ഏര്‍പ്പെടുത്തണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. നിപ മരണത്തില്‍ ആകെ 789 പേരാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളതെന്ന് കോഴിക്കോട് ജില്ലാ കളക്ടര്‍ അറിയിച്ചു. പതിനൊന്ന് സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. മരുതോങ്കരയില്‍ വീട്ടില്‍ ഐസൊലേഷനില്‍ തുടരുന്ന മൂന്ന് പേര്‍ക്ക് പനിയുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ 13 പേരും മിംസില്‍ 7 പേരുമാണ് ചികിത്സയിലുള്ളതെന്നും കളക്ടര്‍ എ ഗീത അറിയിച്ചു.

أحدث أقدم