അഗ്നി പകർന്നു, വരൂ ആറന്മുളയിലേക്ക് അന്നമുണ്ണാം എല്ലാവര്‍ക്കും, ആറന്മുളയിൽ അഷ്ടമി രോഹിണി സമൂഹ സദ്യയ്ക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചു



കോഴഞ്ചേരി: അടുപ്പിൽ അഗ്നി പകർന്നതോടെ ആറന്മുള അഷ്ടമി രോഹിണി സമൂഹ സദ്യക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. പാര്‍ഥസാരഥിയോടുള്ള സമര്‍പ്പണത്തില്‍ 52 കരകളുള്‍പ്പെടെ വിവിധ ഇടങ്ങളില്‍ നിന്നും ശേഖരിച്ച വിഭവങ്ങള്‍ ആറന്മുളയില്‍ അഷ്ടമിരോഹിണി സമൂഹ വള്ളസദ്യയായി മാറും. പള്ളിയോടങ്ങളിലെത്തുന്ന തുഴച്ചില്‍ക്കാരും ഭക്തരും ഒരു പോലെ പാര്‍ഥസാരഥിക്ക് മുന്‍പില്‍ നിലത്തിരുന്ന് ഉണ്ണുമ്പോള്‍ അത് സമഭാവനയുടെ കാഴ്ചകൂടിയായി മാറും.

സമൂഹ-വള്ളസദ്യ അഷ്ടമിരോഹിണി നാളിലെ അന്നദാനമാണ്. വള്ളസദ്യ നടക്കുന്ന മറ്റ് ദിവസങ്ങളില്‍ അത് ക്ഷണിക്കപ്പെട്ടവര്‍ക്കുവേണ്ടിയുള്ള ഭഗവത് സത്കാരമാണ് അതിനാല്‍ എല്ലാവര്‍ക്കും അതില്‍ പങ്കാളിയാകാന്‍ കഴിയാറുമില്ല. എന്നാല്‍ അഷ്ടമിരോഹിണി നാളില്‍ പാര്‍ഥസാരഥിയുടെ ഉച്ചപൂജ കഴിഞ്ഞാല്‍ ഭക്തര്‍ക്കെല്ലാം അന്നദാനത്തിന്‍റെ പുണ്യം നുകരാം. അവിടെയെത്തുന്ന ഓരോ ഭക്തനും ഒരു പിടിച്ചോറ് എന്ന ലക്ഷ്യവുമായാണ് എത്തുന്നത്. വയറ് നിറയാനല്ല പാര്‍ഥസാരഥിയുടെ പ്രസാദം സ്വീകരിച്ച് മനസ്സ് നിറയാനാണ് എത്തുന്നത് എന്ന വിശ്വാസം ഓരോരുത്തരും പുലര്‍ത്തുന്നു.സുരക്ഷയ്ക്ക് മുന്‍ഗണന

പാര്‍ഥസാരഥിയുടെ പുണ്യവുമായി 51 പള്ളിയോടങ്ങൾ ക്ഷേത്രക്കടവിലെത്തുന്ന ദിവസമാണ് അഷ്ടമിരോഹണിനാള്‍. പള്ളിയോടങ്ങള്‍ക്കുള്ള സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ ക്യാപ്ടന്‍മാര്‍ ശ്രദ്ധിക്കണമെന്ന് പള്ളിയോട സേവാസംഘം ഭാരവാഹികള്‍ അറിയിച്ചുു. അഗ്നി രക്ഷാ സേനയുടെ ജാഗ്രത അഷ്ടമിരോഹിണിനാളില്‍ പമ്പയിലുണ്ടാകും. വാഹനപാര്‍ക്കിങ്ങിനും നിയന്ത്രണങ്ങളുണ്ട്. കിഴക്കേനടയില്‍ മൂര്‍ത്തിട്ട ഗണപതി ക്ഷേത്രത്തിന് സമീപം വരെയാണ് വാഹനങ്ങളുടെ പ്രവേശനം. പടിഞ്ഞാറെ നടയിലേക്കും വാഹനങ്ങള്‍ പ്രവേശിക്കുന്നതിന് നിയന്ത്രണമുണ്ടായിരിക്കും.


അഷ്ടമിരോഹിണി വള്ളസദ്യയ്ക്കുള്ള വിഭവങ്ങള്‍ തയ്യാറാക്കുന്ന ജോലികള്‍ ഊട്ടുപുരയില്‍ പുരോഗമിക്കുകയാണ്. പാചകവിദഗ്ധര്‍ സോപാനം സികെ ഹരിചന്ദ്രന്റെ നേതൃത്വത്തില്‍ തിങ്കൾ രാവിലെ മുതലാണ് ജോലികള്‍ തുടങ്ങിയത്. അച്ചാറുകള്‍, വറുത്തെടുക്കുന്ന വിഭവങ്ങള്‍ തുടങ്ങിയവയാണ് ആദ്യ ദിവസം തയ്യാറാക്കിയത്. കരകളില്‍ നിന്നെത്തിച്ച നൂറുകണക്കിന് ചേനയും നാളികേരം മറ്റ് പച്ചക്കറികള്‍ തുടങ്ങിയവ ഒരുക്കിയെടുക്കുന്ന ജോലികള്‍ അവസാനഘട്ടത്തിലാണ്. രാവിലെ മുതല്‍ പ്രധാനവിഭവങ്ങളെല്ലാം വേവിച്ച് തുടങ്ങും. മുന്‍കാലങ്ങളില്‍ പല വിഭവങ്ങളും നേരത്തേ തയ്യാറാക്കുന്ന പതിവുണ്ടായിരുന്നെങ്കിലും. അരയ്ക്കുന്നത് മുതല്‍ അടുപ്പ് വരെയുള്ള സാങ്കേതിക മേന്മകള്‍ പാചകം വേഗത്തിലാക്കുന്ന കാഴ്ചയാണ് ഇപ്പോഴുള്ളത്.

പാചകക്കാർ മുന്നൂറ്

പ്രശസ്ത പാചക വിദഗ്ധൻ സോപാനം സികെ ഹരിചന്ദ്രന്റെ കീഴിൽ മുന്നൂറോളം വിദഗ്ധ പാചക പേരാണ് ക്ഷേത്രത്തിനുള്ളിലെ സദ്യ പാചകം ചെയ്യുന്നത് ക്ഷേത്രത്തിനു പുറത്തു നടക്കുന്ന സദ്യ സാന്ദ്ര കെകെ രവിയുടെ നേതൃത്വത്തിലാണ് .

പങ്കെടുക്കുന്നവർ ഒരു ലക്ഷം

ലോകത്തിലെ തന്നെ ഏറ്റവും വലിയ സദ്യയായ ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യയിൽ 51 പള്ളിയോടങ്ങളും ഒരു ലക്ഷത്തിൽ പരം ഭക്തജനങ്ങളും പങ്കെടുക്കും. പള്ളിയോട സേവാ സംഘവും തിരുവിതാംകൂർ ദേവസ്വം ബോർഡും അഷ്ടമിരോഹിണി വള്ളസദ്യക്കായി വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കുന്നത്.


വിഭവസമൃദ്ധമായ ആറന്മുള അഷ്ടമിരോഹിണി സമൂഹ വള്ളസദ്യ സെപ്റ്റംബർ 6 ബുധനാഴ്ച ആറന്മുള ക്ഷേത്രത്തിൽ നടക്കും. പള്ളിയോട സേവാസംഘം പ്രസിഡൻറ് കെഎസ് രാജൻ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് കെ അനന്ത ഗോപൻ ഭദ്രദീപം കൊളുത്തി വള്ളസദ്യ ഉദ്ഘാടനം ചെയ്യും. അമ്പലപ്പുഴ അരവിന്ദാക്ഷൻ നായരുടെ നേതൃത്വത്തിലാണ് അമ്പലപ്പുഴ പാൽപ്പായസം തയ്യാറാക്കുന്നത്. പള്ളിയോട കരകളിൽനിന്നും ഭക്തജനങ്ങളിൽനിന്നും വിഭവങ്ങൾ ക്ഷേത്രത്തിലേക്ക് എത്തുന്നുണ്ട്. പമ്പക്ക് പുളകം ചാർത്തി അഷ്ടമി രോഹിണി ജലമേള ക്ഷേത്ര കടവിൽ നടക്കും.
أحدث أقدم