കോഴിക്കോട്: നിപ സ്ഥീരീകരിച്ച പശ്ചാത്തലത്തില്‍ ജാഗ്രതാ മുന്‍കരുതലുകളുടെ ഭാഗമായി കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മറ്റന്നാളും (16-9-23) അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും (അങ്കണവാടി,മദ്രസകൾ ഉൾപ്പെടെ) അവധി ബാധകമായിരിക്കും. ജില്ലയില്‍ നേരത്തെ ഇന്നും നാളെയുമാണ് അവധി പ്രഖ്യാപിച്ചിരുന്നത്. ജില്ലയിൽ അടുത്ത പത്ത് ദിവസത്തേക്ക് നടത്താൻ നിശ്ചയിച്ചിരിക്കുന്ന എല്ലാ പൊതു പരിപാടികളും താത്ക്കാലികമായി നിർത്തിവയ്ക്കുവാനും ജില്ലാ കളക്ടർ ഉത്തരവിട്ടു.അതേസമയം നിപ പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താനായി കേന്ദ്ര സംഘം കോഴിക്കോട്ടെത്തി. പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നെത്തിയ മൊബൈൽ ലാബ് ഇന്ന് വൈകിട്ടോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവർത്തന സജ്ജമാകും. നിപ ബാധിച്ച ചികിത്സയിൽ കഴിയുന്ന മൂന്ന് പേരിൽ മരുതോങ്കര സ്വദേശിയായ 9 വയസ്സുകാരന്റെ നിലഗുരുതമായി തുടരുകയാണ്. 11 പേരുടെ പരിശോധനാ ഫലം ഇന്ന് വൈകിട്ടോടെ കിട്ടും.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൽ നിന്നുള്ള വിദഗ്ധരും ഐസിഎംആർ, എൻ സിഡിസി എന്ന് ഏജൻസികളിൽ നിന്നുള്ള പ്രതിനിധികളും കോഴിക്കോട്ടുണ്ട്. നിപ ബാധിതരുമായി ഏതെങ്കിലും വിധത്തിൽ സമ്പർക്കത്തിൽ ഏർപ്പെട്ടവരുടെ പട്ടിക നിലവിൽ 789 ആണ്. സമ്പർക്ക പട്ടിക ഇനിയും വിപുലമായേക്കും എന്നാണ് സൂചന. രോഗം ബാധിച്ച മൂന്ന് പേരും രോഗലക്ഷണങ്ങളുമായി 20 പേരുമാണ് ചികിത്സയിലുള്ളത്. നിപ ബാധിച്ച ആദ്യ മരിച്ച മരുദോഗ്ര സ്വദേശിയുടെ 9 വയസ്സുകാരനായ മകൻ്റെ നില ഗുരുതരമായി തുടരുന്നു. കുട്ടി ഇപ്പോഴും വെന്റിലേറ്ററിലാണ്.
അതേസമയം രോഗം സ്ഥിരീകരിച്ച ഇതേ കുടുംബത്തിലുള്ള 25 കാരൻ്റെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതിയുണ്ട്. ഇന്നലെ രോഗം സ്ഥിരീകരിച്ച കോഴിക്കോട് ഇഖ്ര ആശുപത്രിയിലെ 24 കാരനായ മെയിൽ നേഴ്സിന്റെ ആരോഗ്യം നിലയിലും ആശങ്കയില്ല. ആരോഗ്യപ്രവർത്തകര അടക്കമുള്ള 11 പേരുടെ പരിശോധനാ ഫലങ്ങൾ ഇന്ന് വൈകിട്ടോടെ വരും.