കുടമാളൂർ ആറ്റിലേക്ക് ചാടി വീണ്ടും റോബിൻ്റെ രക്ഷപ്പെടൽ; തെരച്ചിൽ ഊർജിതം



കോട്ടയം: കുമാരനല്ലൂരിൽ നായ പരിശീലന കേന്ദ്രത്തിൽനിന്ന് കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തിൽ പ്രതിയായ പാറമ്പുഴ സ്വദേശി റോബിൻ ജോർജ് പോലീസിന്റെ കൈയിൽനിന്ന് തലനാരിഴ വ്യത്യാസത്തിൽ രക്ഷപ്പെട്ടു. പോലീസ് പിടികൂടാൻ എത്തിയപ്പോൾ പ്രതി ഒളിസങ്കേതത്തിൽനിന്ന് ആറ്റിൽ ചാടുകയായിരുന്നു. റോബിനായി പോലീസ് സംഘം അന്വേഷണം ഊർജിതമാക്കുന്നതിനിടെയാണ് കുടമാളൂർ ആറ്റിലേക്ക് ചാടി രക്ഷപ്പെട്ടത്.



തിങ്കളാഴ്ച പുലർച്ചെ ജില്ലാ പോലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്ക്വാഡ് സംഘം നടത്തിയ പരിശോധനയിലാണ് കുമാരനല്ലൂർ വല്യാലിൻചുവട്ടിൽ പ്രവർത്തിക്കുന്ന ഡെൽറ്റ കെ 9 എന്ന നായ പരിശീലന കേന്ദ്രത്തിൽനിന്ന് 18 കിലോയോളം കഞ്ചാവ് പിടിച്ചെടുത്തത്. സംഭവസ്ഥലത്തുവെച്ചു പ്രതി പോലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടിരുന്നു. തെരച്ചിൽ നടത്തുന്നതിനിടെയാണ് പ്രതി കുടമാളൂർ ഭാഗത്തുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചത്.ഗാന്ധിനഗർ പോലീസ്, ജില്ലാ പോലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്ക്വാഡ് എന്നിവർ പ്രതിക്കായി അന്വേഷണം നടത്തി ഒളിസങ്കേതത്തിൽ എത്തിയപ്പോൾ ഇയാൾ ആറ്റിൽ ചാടി രക്ഷപ്പെടുകയായിരുന്നു. ഇയാൾ രക്ഷപ്പെട്ട സ്ഥലത്തും പരിസരപ്രദേശങ്ങളിലും പോലീസ് പരിശോധന നടത്തുന്നുണ്ട്. പ്രതി ഉടൻതന്നെ പിടിയിലാകുമെന്നാണ് സൂചന.നായ വളർത്തലിൻ്റെ മറവിലാണ് റോബിൻ വീട്ടിൽ കഞ്ചാവ് കച്ചവടം നടത്തിയിരുന്നത്. വിദേശ ബ്രീഡിൽ അടക്കം വരുന്ന 13 ഓളം നായ്ക്കളെയാണ് ഇയാൾ വീട്ടിൽ വളർത്തിയിരുന്നത്. ഇവയുടെ കാവലിലായിരുന്നു കഞ്ചാവ് കച്ചവടം. ലഹരിവിരുദ്ധ സ്ക്വാഡ് വീട്ടിലേക്കു കയറിയതും അക്രമകാരികളായ നായ്ക്കൾ കുരച്ചുചാടി. അതിസാഹസികമായി നായ്ക്കളെ കീഴ്പ്പെടുത്തിയ ശേഷം ഉദ്യോഗസ്ഥർ വീടിനുള്ളിലേക്ക് കടക്കുകയായിരുന്നു. ഡോഗ് സ്ക്വാഡിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് വീട്ടിൽനിന്ന് 18 കിലോ കഞ്ചാവ് കണ്ടെടുത്തത്.
أحدث أقدم