കോട്ടയം: തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് യുഡിഎഫ് പോളിങ് ദിനത്തിലേക്ക് കടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. രാഷ്ട്രീയ പരിഗണനകള്‍ക്കും ജാതി മത ചിന്തകള്‍ക്കും അതീതമായി യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന് അനുകൂലമായ വലിയൊരു പ്രതികരണം ജനങ്ങളുടെ ഭാഗത്ത് നിന്നുണ്ടാകുമെന്ന പൂര്‍ണമായ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. എല്ലാവിഭാഗം ജനങ്ങള്‍ക്കിടയില്‍ നിന്നും വന്‍പിന്തുണയാണ് ലഭിക്കുന്നത്. യുഡിഎഫ് ഒരു ടീമായി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സ്വപ്‌നതുല്യമായ ഒരു വിജയലക്ഷ്യം ഞങ്ങള്‍ക്കുണ്ട്. അതിന് വേണ്ടിയാണ് കഷ്ടപ്പെട്ട് പ്രവര്‍ത്തിച്ചത്. ഭൂരിപക്ഷം എത്രയാണെന്ന് പറയാന്‍ ഇപ്പോള്‍ ധൈര്യമില്ല. ഞാന്‍ പറഞ്ഞാലും ഭൂരിപക്ഷം അതൊക്കെ വിട്ടുപോകും. എല്ലാം ജനങ്ങളുടെ കയ്യിലാണ്. ഉമ്മന്‍ ചാണ്ടിക്കൊപ്പം സര്‍ക്കാര്‍ വിരുദ്ധ വികാരം കൂടി വന്നപ്പോഴാണ് ഞങ്ങള്‍ സ്വപ്‌നതുല്യമായ വിജയലക്ഷ്യം ഉറപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
തെരഞ്ഞെടുപ്പില്‍ പലതരത്തിലും സിപിഎം അധികാര ദുര്‍വിനിയോഗത്തിന് ശ്രമിച്ചതായും അദ്ദേഹം ആരോപിച്ചു. സര്‍ക്കാരിന്റെ അധികാരം ഉപയോഗിച്ച് ചില സമുദായ നേതാക്കളെ സമ്മര്‍ദ്ദത്തിലാക്കാന്‍ പ്രചരണത്തിന്റെ അവസാന ആഴ്ച സിപിഎം ശ്രമിച്ചു. ചാണ്ടി ഉമ്മന് ലഭിക്കുന്ന മഹാഭൂരിപക്ഷം കുറയ്ക്കാനുള്ള ശ്രമങ്ങളാണ് സിപിഎം ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.
പോളിങ് ദിനത്തില്‍ ഓരോ ബൂത്തുകളിലെയും വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ട മരിച്ച് പോയവരുടെയും ഒരു കാരണവശാലും വോട്ട് ചെയ്യാന്‍ എത്താത്തവരുടെയും പേര് വിവരങ്ങള്‍ അടങ്ങിയ പട്ടിക പ്രിസൈഡിങ് ഓഫീസറെ ഏല്‍പ്പിക്കും. അതുകൊണ്ട് കള്ളവോട്ട് ചെയ്യാനായി പുതുപ്പള്ളിയിലേക്ക് ആരും വരേണ്ട. വന്നാല്‍ തൃക്കാക്കരയില്‍ വന്നയാളുടെ അനുഭവമുണ്ടാകും. മരിച്ചു പോയ ആരും വോട്ട് ചെയ്യാനായി എഴുന്നേറ്റ് വരേണ്ട. സിപിഎമ്മിനെ സഹായിക്കാമെന്ന് ഏതെങ്കിലും പ്രസൈഡിങ് ഓഫീസര്‍ വിചാരിച്ചാല്‍ അയാളുടെ കാര്യവും ബുദ്ധിമൂട്ടിലാകും. 152 ബൂത്തുകളിലും കൃത്യമായ പ്രവര്‍ത്തനമാണ് യുഡിഎഫ് നടത്തിയത്. കേരളത്തിലെ മുഴുവന്‍ ജനങ്ങളെയും പ്രതിനിധാനം ചെയ്തുകൊണ്ടാകും ഈ മാസം അഞ്ചിന് പുതുപ്പള്ളിയിലെ ജനങ്ങള്‍ പോളിങ് ബൂത്തിലേക്ക് പോകുന്നത്. ഈ സര്‍ക്കാരിനെതിരായ അതിരോഷം പുതുപ്പള്ളിയിലെ വോട്ടര്‍മാര്‍ പ്രതിഫലിപ്പിക്കുമെന്ന വിശ്വാസം യുഡിഎഫിനുണ്ടെന്നും പ്രതിപക്ഷ നേതാവ് പുറഞ്ഞു.
യെച്ചൂരി ഉള്‍പ്പെടെയുള്ള നേതാക്കള്‍ രാഹുല്‍ ഗാന്ധിയുടെയും കോണ്‍ഗ്രസിന്റെയും നേതൃത്വത്തില്‍ വര്‍ഗീയ ഫാസിസ്റ്റ് വിരുദ്ധ പ്ലാറ്റ്‌ഫോം ഉണ്ടാക്കാന്‍ പ്രവര്‍ത്തിക്കുകയാണ്. ബിജെപിയുടെ കോണ്‍ഗ്രസ് മുക്ത ഭാരതം പോലെ കോണ്‍ഗ്രസ് വിരുദ്ധതയാണ് കേരളത്തിലെ സിപിഎം നേതാക്കളുടെയും പിണറായി വിജയന്റെയും മുഖമുദ്ര. സര്‍ക്കാരിനെതിരായ എല്ലാ കേസുകളും ബിജെപിയുമായി ചേര്‍ന്ന് ഒത്തുതീര്‍പ്പില്‍ എത്തിച്ചിരിക്കുകയാണ്.
അടുത്തിടെ ഉയര്‍ന്ന മാസപ്പടി ആരോപണത്തില്‍ പോലും കേസെടുത്തില്ല. കള്ളപ്പണം വെളുപ്പിച്ചെന്നാണ് ആരോപണം. എന്നിട്ടും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഒരു കേസും എടുത്തില്ല. മമതാ ബാനര്‍ജിക്കെതിരെയും സ്റ്റാലിനെതിരെയോ ഭൂപേഷ് ബാഗലിനെതിരെയോ അശോക് ഗഹലോട്ടിനെതിരെയോ ആയിരുന്നു ആരോപണമെങ്കില്‍ എപ്പോഴെ കേസെടുത്തേനെ. പക്ഷെ ഇവിടെ ഒരു കേസുമില്ലെന്നും അദ്ദേഹം ആരോപിച്ചു.