ലണ്ടനിലെ ചര്‍ച്ചിലിന്റെ ഓള്‍ഡ് വാര്‍ ഓഫിസ് ഹിന്ദുജാ ഗ്രൂപ്പ് പുതിയ ആഡംബര ഹോട്ടലാക്കുന്നു



യു. കെ.: ഹിന്ദുജ ഗ്രൂപ്പ് ആഗോള പ്രശസ്ത റാഫിള്‍സ് ഹോട്ടല്‍സ് ആന്റ് റിസോര്‍ട്ട്‌സുമായി സഹകരിച്ച് രണ്ടാം ലോകമഹായുദ്ധക്കാലത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന വിന്‍സ്റ്റന്‍ ചര്‍ച്ചിലിന്റെ ഓള്‍ഡ് വാര്‍ ഓഫിസ് പുനരുദ്ധരിച്ച് ആഡംബര ഹോട്ടലാക്കി മാറ്റുന്നു. ലണ്ടന്‍ നഗരത്തിന്റെ ഹൃദയഭാഗത്തുള്ള ഈ ആഡംബര ഹോട്ടല്‍ സെപ്റ്റംബര്‍ 26-നായിരിക്കും ഉദ്ഘാടനം ചെയ്യുക. വൈറ്റ്ഹാളിലെ ഈ രാജകീയ മന്ദിരത്തിന്റെ വലുപ്പവും സൗന്ദര്യവും തങ്ങളുടെ ടീമിനെ അത്യാകര്‍ഷിച്ചതായി ഈ പദ്ധതിക്കു മേല്‍നോട്ടം വഹിച്ച സഞ്ജയ് ഹിന്ദുജ പറഞ്ഞു. ഇതിനു പുതിയ ജീവിതത്തിന്റെ ശ്വാസം നല്‍കുമ്പോള്‍ ഈ കെട്ടിടത്തിന്റെ പുരാതന മഹത്വം തിരികെ കൊണ്ടു വരാനും അതിന്റെ പാരമ്പര്യത്തെ മാനിക്കാനും വേണ്ട ചെലവുകളൊന്നും ഒഴിവാക്കിയിട്ടില്ല. റാഫിള്‍സുമായി ചേര്‍ന്ന് ഓള്‍ഡ് വാര്‍ ഓഫിസിന് കാലാതീതവും അതിരുകളില്ലാത്തതുമായ പാരമ്പര്യം നല്‍കാനാവും എന്നാണു തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വൈറ്റിഹാളില്‍ ഡൗണിങ് സ്ട്രീറ്റിന് എതിര്‍വശത്തുള്ള ഈ കെട്ടിടം എട്ടു വര്‍ഷം മുന്‍പാണ് ഹിന്ദുജ കുടുംബം കരസ്ഥമാക്കിയത്. തുടര്‍ന്ന് ഇത് ആഡംബര വസതികളും റസ്റ്റോറന്റുകളും സ്പാകളും ഉള്‍പ്പെടുന്ന ഒരു ഹബ് ആക്കി മാറ്റുവാന്‍ റാഫിള്‍സ് ഹോട്ടല്‍സുമായി സഹകരണമുണ്ടാക്കി. ബ്രിട്ടീഷ് വാസ്തുശില്‍പിയായ വില്യം യങ് രൂപകല്‍പന ചെയ്ത ഓള്‍ഡ് വാര്‍ ഓഫിസ് 1906-ലാണ് പൂര്‍ത്തിയാക്കിയത്. അതിനു മുന്‍പ് ഈ സൈറ്റ് വൈറ്റ്ഹാള്‍ ഒറിജിനല്‍ പാലസ് ആയിരുന്നു. വിന്‍സ്റ്റന്‍ ചര്‍ച്ചിലും ഡേവിഡ് ലോയ്ഡ് ജോര്‍ജ്ജും പോലുള്ള രാഷ്ട്രീയ, സൈനിക നേതാക്കള്‍ ഇവിടെയുള്ള ഓഫിസില്‍ പ്രവര്‍ത്തിച്ചിരുന്നു. ഇതിന്റെ വാസ്തുശില്‍പ സൗന്ദര്യം പിന്നീട് ജെയിംസ് ബോണ്ട് ചിത്രങ്ങള്‍ക്കും വളരെ അടുത്ത കാലത്ത് ദി ക്രൗണ്‍ നെറ്റ്ഫ്‌ളിക്‌സ് പരമ്പരയ്ക്കും പശ്ചാത്തലമായിരുന്നു.പ്രതീക്ഷകളെ മറികടന്ന മികവുമായെത്തിയ ഈ ചരിത്രപരമായ പദ്ധതിയുടെ ഭാഗമായ ഓരോരുത്തര്‍ക്കും അംഗീകരിക്കപ്പെടുകയും ബഹുമാനിക്കപ്പെടുകയും ചെയ്ത പ്രതീതിയാണുള്ളതെന്ന് ഇതേക്കുറിച്ചു സംസാരിക്കവെ ആസ്സര്‍ ചെയര്‍മാനും സിഇഒയുമായ സെബാസ്റ്റ്യന്‍ ബാസിന്‍ പറഞ്ഞു. സമാനതകളില്ലാത്ത ഈ ഹോട്ടല്‍ അനുഭവിക്കാന്‍ ഹിന്ദുജ കുടുംബത്തോടു ചേര്‍ന്ന് തങ്ങളും യാത്രികരെ ക്ഷണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.നൂറുകണക്കിന് കരകൗശല വിദഗ്ധരുടെ സഹായത്തോടെയുള്ള നവീകരണത്തിന്റെ ഭാഗമായി, അതിലോലമായ മൊസൈക് ഫ്‌ളോറുകള്‍, ഓക്ക് പാനലിംഗ്, തിളങ്ങുന്ന ഷാന്‍ഡിലിയറുകള്‍, ഗംഭീരമായ മാര്‍ബിള്‍ ഗോവണി എന്നിവ ഉള്‍പ്പെടെയുള്ള ചരിത്രപരമായ ഇന്റീരിയര്‍ ഘടകങ്ങള്‍ പുനഃസ്ഥാപിച്ചു. 120 മുറികളും സ്യൂട്ടുകളും, ഷെഫ് മൗറോ കൊളാഗ്രെക്കോയുടെ സിഗ്‌നേച്ചര്‍ ഡൈനിംഗ് അനുഭവങ്ങള്‍, ഗ്രാന്‍ഡ് ബാള്‍റൂം ഉള്‍പ്പെടെയുള്ള വിനോദ സ്ഥലങ്ങള്‍ തുടങ്ങിയവ ഓള്‍ഡ് വാര്‍ ഓഫീസി ല്‍ ഒരുക്കിയിട്ടുണ്ട്.




أحدث أقدم