തിരുവനന്തപുരത്ത് നരേന്ദ്രമോദി മത്സരിച്ചാലും താൻ വിജയിക്കും; ശശി തരൂർ



തിരുവനന്തപുര0: പാർട്ടി തീരുമാനിച്ചാൽ തിരുവനന്തപുരത്ത് മത്സരിക്കുമെന്നും, തിരുവനന്തപുരത്ത് നരേന്ദ്രമോദി മത്സരിച്ചാലും താൻ വിജയിക്കുമെന്നും കോൺ​ഗ്രസ് എംപി ശശി തരൂർ. മുസ്ലിംലീഗ്‌ മണ്ഡലം കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയിൽ നിന്ന് ഏത് ഉന്നതൻ മത്സരിച്ചാലും തിരുവനന്തപുരത്തുകാർക്ക് എന്ത് വേണം എന്ന് നന്നായി അറിയാമെന്നും അദ്ദേഹം വ്യക്തമാക്കി.തിരുവനന്തപുരം ലോക്സഭാ സീറ്റ് ആർക്കെങ്കിലും വിട്ടുകൊടുക്കാം എന്ന് കരുതിയിരുന്നു. പക്ഷെ ഇപ്പോഴത്തെ സാഹചര്യം കണ്ടപ്പോഴാണ് തന്റെ മനസ് മാറിയത്. പാർട്ടി പറഞ്ഞാൽ തിരുവനന്തപുരത്ത് താൻ തന്നെ മത്സരിക്കും. ദേശീയ തലത്തിൽ ഒരു ഭരണമാറ്റം വരേണ്ടത് അത്യാവശ്യമാണ്. തിരുവനന്തപുരത്ത് മത്സരിക്കാൻ നൂറ് ശതമാനം തീരുമാനിച്ചിരുന്നില്ല. രണ്ട് സാധ്യതകളാണ് ഉണ്ടായിരുന്നത്. പാർലമെന്റ് വേണോ മറ്റേതെങ്കിലും തെരെഞ്ഞെടുപ്പ് വേണോ എന്ന് സംശയം ഉണ്ടായിരുന്നു. എന്നാൽ ദേശീയ സാഹചര്യത്തിൽ ഒരു തീരുമാനത്തിലേക്ക് എത്തി. അത് തിരുവനന്തപുരത്ത് നിന്ന് തന്നെ മത്സരിക്കാം എന്നതാണ്. ഡാനിഷ് അലിക്കെതിരായ വർഗീയ പരാമർശത്തെ അപലപിക്കുന്നു. പാർലമെന്റിൽ മുസ്ലിം എംപിക്കെതിരെ ബിജെപി എംപി തെറി വിളിച്ചത് ഇന്ത്യ മുഴുവൻ സ്തംഭിച്ച സംഭവമാണ്. വർഗീയ പരാമർശം കേട്ട് അടുത്തിരുന്ന മുൻമന്ത്രിമാർ ചിരിക്കുകയായിരുന്നു. അവരുടെ മുഖം കണ്ടിട്ട് രാജ്യത്തിന് തന്നെ നാണക്കേട് തോന്നി. ഈ നിലയിൽ രാജ്യം മാറിപ്പോയി. ബിജെപി രാജ്യത്ത് വിഷം ഇഞ്ചക്റ്റ്‌ ചെയ്തിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

أحدث أقدم