കണ്ണൂർ സർവ്വകലാശാലയിലെ പ്രിയ വർഗീസിന്റെ നിയമനം; ഹൈക്കോടതി ഉത്തരവിനെതിരെ നൽകിയ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും


ന്യൂഡൽഹി: കണ്ണൂർ സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറായുള്ള പ്രിയ വർഗീസിന്റെ നിയമനം ശരിവച്ച ഹൈക്കോടതി വിധിക്കെതിരെ നൽകിയ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും.

 ജസ്റ്റിസുമാരായ കെ മഹേശ്വരി, കെ.വി വിശ്വനാഥൻ എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് ഹർജി പരിഗണിക്കുക. കഴിഞ്ഞ തവണ ഹർജി പരിഗണിച്ച കോടതി പ്രിയ വർഗീസിന് നോട്ടീസ് അയച്ചിരുന്നു.

അസോസിയേറ്റ് പ്രൊഫസറായുള്ള നിയമനത്തിൽ ചട്ടലംഘനമില്ലെന്നായിരുന്നു ഹൈക്കോടതി വിധി. എന്നാൽ ഈ വിധിയിൽ പിഴവുള്ളതായി കഴിഞ്ഞ തവണ ഹർജി പരിഗണിച്ചപ്പോൾ സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു. ഇതേ തുടർന്നായിരുന്നു നോട്ടീസ് നൽകിയത്. പ്രിയ വർഗീസിന്റെ നിയമനത്തിനെതിരെ യുജിസിയും ജോസഫ് സ്‌കറിയയുമാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയത്.

ഗവേഷണ കാലവും എൻഎസ്എസ് പ്രവർത്തന കാലവും അധ്യാപന കാലയളവായി കണക്കാക്കിയായിരുന്നു ഹൈക്കോടതി പ്രിയ വർഗീസിന്റെ നിയമനം ശരിവച്ചത്. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റേത് ആയിരുന്നു നിരീക്ഷണം. എന്നാൽ ഈ വിധി സ്റ്റേ ചെയ്യണമെന്നതുൾപ്പെടെ ആവശ്യപ്പെട്ടാണ് യുജിസിയും ജോസഫ് സ്‌കറിയയും സുപ്രീംകോടതിയെ സമീപിച്ചത്.

 2018 ലെ റഗുലേഷൻ നിഷ്‌കർഷിക്കുന്ന അദ്ധ്യാപന പരിചയം പ്രിയ വർഗ്ഗീസിന് ഇല്ലെന്നും യുജിസി ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
أحدث أقدم