'ജെയ്ക്കിൻ്റെ വീട്ടുകാരും ചാണ്ടി ഉമ്മന് വോട്ട് ചെയ്തു'; ആ വോട്ടുകൾ എവിടെപ്പോയി? വിജയം മുഖ്യമന്ത്രിയുടെ ധിക്കാരത്തിനേറ്റ തിരിച്ചടിയെന്ന് സുധാകരൻ



കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലം മുഖ്യമന്ത്രി പിണറായി വിജയൻ്റെ ധിക്കാരത്തിനേറ്റ തിരിച്ചടിയെന്ന് കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ. ചരിത്രവിജയമാണ് കോൺഗ്രസ് നേടിയത്. ഇടതുപക്ഷ വോട്ടുകൾ ചാണ്ടി ഉമ്മന് നേടാനായി. ഇടതുമുന്നണി സ്ഥാനാർഥി ജെയ്ക് സി തോമസിൻ്റെ കുടുംബത്തിൻ്റെ വോട്ടുകളും യുഡിഎഫ് സ്ഥാനാർഥിക്ക് ലഭിച്ചെന്ന് സുധാകരൻ പറഞ്ഞു.ജെയ്ക്കിൻ്റെ കുടുംബത്തിൻ്റെ വോട്ട് യുഡിഎഫിന് ലഭിച്ചുവെന്നാണ് കരുതുന്നത്. അല്ലെങ്കിൽ ജെയ്ക്കിൻ്റെ പഞ്ചായത്തിൽ വാർഡിൽ അദ്ദേഹത്തിന് ഭൂരിപക്ഷം കിട്ടേണ്ടെ എന്ന് സുധാകരൻ ചോദിച്ചു. വലിയ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് യുഡിഎഫ് വ്യക്തമാക്കിയിരുന്നു. ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കേറ്റ ഏറ്റവും വലിയ തിരിച്ചടിയാണ് ഈ തെരഞ്ഞെടുപ്പ് ഫലം. ബിജെപി വോട്ടുകൾ യുഡിഎഫ് സ്ഥാനാർഥിക്ക് ലഭിച്ചു, ഈ വോട്ടുകൾ അവർ തന്നതല്ല. ഞങ്ങൾ പിടിച്ചുവാങ്ങുകയാണ് ചെയ്തത്. അതുപോലെയാണ് സിപിഎം വോട്ടും ലഭിച്ചതെന്ന് കെ സുധാകരൻ വ്യക്തമാക്കി.ഇടതുമുന്നണി സ്ഥാനാർഥി ജെയ്ക് സി തോമസിൻ്റെ സ്വന്തം മണ്ഡലത്തിലെ ഒരു ബൂത്തിൽ പോലും ജെയ്ക്ക് ഭൂരിപക്ഷം നേടിയിട്ടില്ല. മന്ത്രി വി എൻ വാസവൻ്റെ ബൂത്തിലും സമാനമായ ഫലമാണ്. എടുപക്ഷത്തിൻ്റെ ഉൾപ്പെടെയുള്ള എല്ലാവരുടെയും വോട്ട് യുഡിഎഫിന് ലഭിച്ചു. യുഡിഎഫിനോട് സ്നേഹമുള്ളവരുടെയും യുഡിഎഫിനോട് ആഭിമുഖ്യമുള്ളവരുടെയും വോട്ട് ലഭിച്ചു. കക്ഷി രാഷ്ട്രീയം നോക്കാതെ ലഭിച്ച വോട്ടാണ് ഈ വിജയത്തിന് കാരണമെന്ന് സുധാകരൻ പറഞ്ഞു.


ഈ സംസ്ഥാനം ഭരിക്കുന്ന ഇടതുപക്ഷ സർക്കാരിനെതിരെയുള്ള പ്രതികരമാണ് ഈ തെരഞ്ഞെടുപ്പ് ഫലം. ഭരിച്ച് ഭരിച്ച് കേരളം തകർത്ത് തരിപ്പണമാക്കി. തൊഴിലാളിവർഗ പ്രസ്ഥാനത്തിന് അപമാനമാകുന്ന സർക്കാരായി പിണറായി വിജയൻ്റെ കീഴിലുള്ള സർക്കാർ മാറി. ഈ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് നടന്നതെന്ന് കെ സുധാകരൻ വ്യക്തമാക്കി.പുതുപ്പള്ളിയിലെ ഈ വിജയം ഇടതുപക്ഷ ജനാധിപത്യമുന്നണിക്കെതിരെയുള്ള വിജയമാണ്. പിണറായി വിജയൻ്റെ ധിക്കാരവും, ഏകാധിപത്യവും, കൊള്ള രാഷ്ട്രീയവും, കുടുംബാധിപത്യനെതിരെയുള്ള വിജയമാണ് ഈ തെരഞ്ഞെടുപ്പ് ഫലം. മണ്ഡലത്തിലെ എല്ലാ വോട്ടർമാരോടും കോൺഗ്രസ് നന്ദി പറയുകയാണ്. സഹതാപതരംഗമുണ്ടെങ്കിലും രാഷ്ട്രീയ വിജയമാണ് യുഡിഎഫ് നേടിയത്. സിപിഎം വോട്ടുകളടക്കം ലഭിച്ചതാണ് ഇത്രയും ഭൂരിപക്ഷം നേടാൻ സഹായിച്ചതെന്ന് സുധാകരൻ കൂട്ടിച്ചേർത്തു.
أحدث أقدم