മൂന്ന് ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ സഹകരിക്കാത്ത സൗദി തൊഴിലുടമക്കെതിരെ കേസ് ഫയല്‍ ചെയ്ത് റിയാദ് ഇന്ത്യന്‍ എംബസി



റിയാദ്: തീപ്പൊള്ളലേറ്റു മരിച്ച മൂന്ന് പ്രവാസി ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ സഹകരിക്കാത്ത സ്‌പോണ്‍സര്‍ക്കെതിരേ റിയാദ് ഇന്ത്യന്‍ എംബസി കേസ് ഫയല്‍ ചെയ്തു. മരിച്ചിട്ട് മൂന്നു മാസം കഴിഞ്ഞിട്ടും മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുപോകാനുള്ള ചെലവ് നല്‍കാന്‍ കഴിയില്ലെന്ന നിലപാടില്‍ തൊഴിലുടമ ഉറച്ചുനിന്നതോടെയാണ് കോടതിയെ സമീപിച്ചത്.



താമസസ്ഥലത്തു വച്ച് രാത്രിയില്‍ ഉറക്കത്തിനിടെയുണ്ടായ തീപ്പിടുത്തത്തിലാണ് മൂന്ന് ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം സംഭവിച്ചത്. റിയാദ് പ്രവിശ്യയില്‍ ദിലം മേഖലയിലെ ദുബയ്യയില്‍ കൃഷി ജോലി ചെയ്തിരുന്നവരാണിവര്‍. തൊഴിലാളികള്‍ താമസിച്ചിരുന്ന പോര്‍ട്ടബിള്‍ കണ്ടെയ്‌നറിന് തീപിടിച്ചാണ് ദുരന്തമുണ്ടായത്. ഉത്തര്‍പ്രദേശ് സ്വദേശി ഫര്‍ഹാന്‍ അലി (32), ബിഹാര്‍ സ്വദേശികളായ സണ്ണി കുമാര്‍ (26), അന്‍സാരി മുംതാസ് (30) എന്നിവരുടെ മൃതദേഹങ്ങള്‍ ദിലം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. തിരിച്ചറിയാനാവാത്ത വിധം പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹങ്ങള്‍.

കേളി കലാസാസ്‌കാരിക വേദി അല്‍ഖര്‍ജ് ജീവകാരുണ്യ വിഭാഗം മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള പ്രവര്‍ത്തനം തുടങ്ങിയതോടെ സ്‌പോണ്‍സര്‍ സഹകരിക്കാന്‍ തയ്യാറായില്ല. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിനായുള്ള സാമ്പത്തിക ചെലവ് വഹിക്കാനാകില്ലെന്ന നിലപാടില്‍ സ്‌പോണ്‍സര്‍ ഉറച്ചുനിന്നതോടെ സാമൂഹികപ്രവര്‍ത്തകര്‍ ഇക്കാര്യം ഇന്ത്യന്‍ എംബസിയുടെ ശ്രദ്ധയില്‍പെടുത്തി. തുടര്‍ന്നാണ് എംബസി കേസ് ഫയല്‍ ചെയ്തത്. ആദ്യം ദിലം കോടതി കൈകാര്യം ചെയ്ത് കേസ് പിന്നീട് റിയാദിലെ ദീര കോടതിയിലേക്ക് മാറ്റിയിരിക്കുകയാണ്.
أحدث أقدم