'സതീശനുമായി നല്ല ബന്ധം, പുതുപ്പള്ളി തെരഞ്ഞെടുപ്പിന്റെ ക്രെഡിറ്റ് എനിക്ക് വേണ്ട'; കെ.സുധാകരൻ


കണ്ണൂര്‍; പുതുപ്പള്ളിയിലെ വിജയത്തിനു ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആരാദ്യം സംസാരിക്കണമെന്നതിനെച്ചൊല്ലി വിഡി സതീശനുമായുണ്ടായ തര്‍ക്കത്തില്‍ പ്രതികരണവുമായി കെപിസിസി പ്രസിഡണ്ട് കെ.സുധാകരന്‍. പുതുപ്പള്ളിയിലെ മിന്നും ജയത്തിലെ കോൺഗ്രസ്‌ ആവേശം കെടുത്തുന്നതായിരുന്നു പ്രസ് മീറ്റ് തർക്ക വിഡിയോ. മണ്ഡലത്തിൽ ക്യാമ്പ് ചെയ്ത് നയിച്ച സതീശൻ അന്ന് സംസാരിക്കാതിരുന്നത് വേറിട്ട ശൈലിയാണെന്നൊക്കെ അടക്കം പറച്ചിലുണ്ടായിരുന്നു.

പുതുപ്പള്ളി തർക്കം അടഞ്ഞ അധ്യായമാണ്. വിജയത്തിൻ്റെ ക്രഡിറ്റ് തനിക്ക് വേണ്ട. വി.ഡി സതീശനുമായി ഒരു തർക്കവുമില്ല. നല്ല ബന്ധമാണുള്ളതെന്നും കെ.സുധാകരൻ പറഞ്ഞു. സൈബറിടത്തിൽ ട്രോൾ മഴ പെയ്യുമ്പോൾ പ്രതിപക്ഷനേതാവ് തർക്കത്തെ ന്യായീകരിച്ചു. വിജയത്തിന്‍റെ ക്രെഡിറ്റ് തനിക്ക് നല്‍കാനുള്ള സുധാകരന്‍റെ നീക്കത്തെയാണ് എതിര്‍ത്തതെന്നാണ് സതീശന്‍റെ വിശദീകരണം.അതേസമയം രാഹുൽ ഗാന്ധി കേരളത്തിൽ തന്നെ മത്സരിക്കണമെന്നാണ് കോൺഗ്രസിന്റെ ആഗ്രഹമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ.

രാഹുൽ മത്സരിക്കരുതെന്ന സിപിഐയുടെ ആവശ്യം ഔചിത്യ കുറവ്. രാഹുൽ എവിടെ മത്സരിക്കണമെന്ന് തീരുമാനിക്കുന്നത് സിപിഐയല്ലെന്നും കെ സുധാകരൻ പറഞ്ഞു. ‘രാഹുൽ ഗാന്ധി കേരളത്തിൽ മത്സരിക്കരുതെന്നത് തെറ്റായതും അന്യായവും അധാർമികവുമായ ആവശ്യമാണ്. രാഹുൽ കേരളത്തിൽ മത്സരിക്കണമെന്നതാണ് ഞങ്ങളുടെ ആ​ഗ്രഹം. കോൺഗ്രസിന്റെ അഭിപ്രായവും ഇതാണ്. രാഹുൽ കേരളത്തിൽ മത്സരിക്കണമെന്ന് കോൺഗ്രസ് ദേശീയ നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്നലെയും കെ.സി വേണുഗോപാലുമായി ഈ അഭിപ്രായം പങ്കുവച്ചു’ – കെ സുധാകരൻ പറഞ്ഞു.
أحدث أقدم